റഷ്യക്കുവേണ്ടി യുദ്ധം ചെയ്യുന്നത് 155 ചൈനക്കാർ: സെലൻസ്കി
Friday, April 11, 2025 1:06 AM IST
കീവ്: റഷ്യക്കുവേണ്ടി 155 ചൈനീസ് പൗരന്മാരെങ്കിലും യുക്രെയ്നിൽ യുദ്ധം ചെയ്യുന്നുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. യുക്രെയ്ൻ സേന രണ്ടു ചൈനീസ് പൗരന്മാരെ പിടികൂടിയെന്നറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുക്രെയ്ൻ സർക്കാർ നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം ചൈനക്കാർ യുദ്ധത്തിൽ പങ്കെടുക്കുന്നതായി കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണു റഷ്യ ചൈനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. പരിശീലനം നല്കിയശേഷം യുദ്ധത്തിനായി യുക്രെയ്നിലേക്ക് അയയ്ക്കുകയാണ്.
അമേരിക്കയും ലോകവും ഇക്കാര്യത്തിൽ പ്രതികരിക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പിടിയിലായ രണ്ടു ചൈനക്കാരെ ചോദ്യംചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടു.
യുക്രെയ്ൻ യുദ്ധത്തിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രതികരിച്ചു. യുക്രെയ്ൻ യുദ്ധത്തിനു പരിഹാരം കാണമെന്നതാണ് ചൈനയുടെ നിലപാട്.
ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകൾ നടത്തുന്നതിനു മുന്പ് സുബോധത്തോടെ ചൈനയുടെ പങ്ക് മനസിലാക്കണമെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.