ഫ്രാൻസിസ് മാർപാപ്പ റോമിലെ മാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാർഥിച്ചു
Sunday, April 13, 2025 1:05 AM IST
റോം: ഫ്രാൻസിസ് മാർപാപ്പ വിശുദ്ധവാരാചരണത്തിനു മുന്നോടിയായി ഇന്നലെ റോമിലെ പരിശുദ്ധ കന്യാമാതാവിന്റെ വലിയ പള്ളി സന്ദർശിച്ച് ‘റോമിന്റെ സംരക്ഷകയായ മറിയ’ത്തിന്റെ ചിത്രത്തിനു മുന്പിൽ പ്രാർഥിച്ചു.
ആശുപത്രി വാസത്തിനുശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള വിശ്രമജീവിതത്തിനിടെയാണ് അദ്ദേഹം വത്തിക്കാനിൽനിന്ന് റോമിലെ പള്ളിയിലെത്തിയത്.
കന്യാമാതാവിന്റെ ചിത്രത്തോട് സവിശേഷ ഭക്തി പുലർത്തുന്ന മാർപാപ്പ, മൂന്നാഴ്ച മുന്പ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി വത്തിക്കാനിലേക്കു മടങ്ങുന്ന വഴിയിലും പള്ളിക്കു മുന്പാകെ കാർ നിർത്തി പ്രാർഥിച്ചിരുന്നു. മാർപാപ്പ തന്റെ വിദേശ പര്യടനങ്ങളെ മാതാവിനു ഭരമേൽപ്പിക്കുന്നതും പര്യടനങ്ങൾക്കുശേഷം നന്ദിയർപ്പിക്കുന്നതും പതിവു കാര്യങ്ങളാണ്.