വിസ്മയ കേസ്: സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി
Thursday, April 3, 2025 2:06 AM IST
ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് മെഡിക്കൽ വിദ്യാർഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
പത്തു വർഷം തടവുശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവിനെതിരേ പ്രതി കിരണ്‍കുമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ടു ബന്ധിപ്പിക്കാൻ ആവശ്യമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സമാനമായി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിഷയത്തിൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിലായിരുന്നു പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ വിശദവാദത്തിലേക്ക് കോടതി കടന്നിരുന്നില്ല. എന്നാൽ ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിൽനിന്ന് ബെഞ്ച് പ്രതികരണം തേടുകയായിരുന്നു. 2021 ജൂണിലാണ് വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.