ഗുജറാത്ത് കലാപം: ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസിലും പ്രതികളെ വെറുതേ വിട്ടു
Thursday, April 3, 2025 2:06 AM IST
ഹൈദരാബാദ്: ഗുജറാത്ത് കലാപത്തിനിടെ മൂന്നു ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ട കേസിലെ ആറു പ്രതികളെ ഗുജറാത്ത് ഹൈക്കോടതി വെറുതേ വിട്ടു. ഹിമ്മത്നഗറിലെ സബർകാന്ത പ്രിൻസിപ്പൽ ജില്ലാ സെഷൻസ് വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
ജസ്റ്റീസുമാരായ എ.വൈ. കോഗ്ജെ, സമീർ ജെ. ദേവ് എന്നിവരുടെ ബെഞ്ച് മാർച്ച് ആറിനു പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണു ലഭ്യമായത്. സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മൊഴികൾ പരിഗണിച്ച ഹൈക്കോടതി, കീഴ്ക്കോടതി ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് നിരീക്ഷിച്ചു.
2002 ഫെബ്രുവരി 28നായിരുന്നു സംഭവം. ഇമ്രാൻ മുഹമ്മദ് സലിം ദാവൂദാണ് കേസിലെ പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അമ്മാവന്മാരായ സയീദ് സഫീഖ് ദാവൂദ് സകിൽ, അബ്ദുൾ ഹായ് ദാവൂദ് എന്നിവരും മുഹമ്മദ് നല്ലഭായ് അബ്ദുൾഭായ് അശ്വറുമാണ് കൊല്ലപ്പെട്ടത്.
മൂന്നു പേരും ബ്രിട്ടീഷ് പൗരന്മാരായിരുന്നു. ഇവർ ആഗ്രയും ജയ്പുരും സന്ദർശിച്ച ശേഷം ഹിമ്മത്നഗറിലേക്കു മടങ്ങിവരവേ കലാപകാരികൾ കാർ തടഞ്ഞുനിർത്തി തീ കൊളുത്തുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ യൂസഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അശ്വർ ആശുപത്രിയിലാണ് മരിച്ചത്. മറ്റ് രണ്ടു പേരെയും പിന്നീട് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി.
2002 മാർച്ച് 24ന് അന്നത്തെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർക്കു ലഭിച്ച അജ്ഞാത ഫാക്സ് സന്ദേശത്തെത്തുടർന്നായിരുന്നു കേസിൽ തുടരന്വേഷണം. കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗുജറാത്ത് ഡയറക്ടർ ജനറലിന് കത്തെഴുതി. തുടർന്ന്, ഈ കേസ് ഉൾപ്പെടെ 2002 കലാപത്തിലെ ഒമ്പത് കേസുകളിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപവത്കരിക്കാൻ സുപ്രീംകോടതി 2003ൽ ഗുജറാത്ത് സർക്കാരിനോട് നിർദേശിച്ചു.
2009ൽ, സെഷൻസ് കോടതി ആറ് പ്രതികൾക്കെതിരേ കൊലപാതകം, പരിക്കേൽപ്പിക്കൽ, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി.