ഹിന്ദുത്വശക്തികൾ ആശയപരമായും ആധിപത്യം സ്ഥാപിക്കുന്നു: പ്രകാശ് കാരാട്ട്
Thursday, April 3, 2025 3:10 AM IST
മധുര: ഹിന്ദുത്വശക്തികൾ ആശയപരമായിക്കൂടി രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നുണ്ടെന്ന് പിബി അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ശരിയായ ദിശ നൽകുകയാണ് പാർട്ടി കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. അതിന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ആഴത്തിൽ മനസിലാക്കേണ്ടത് ആവശ്യമാണ്.
മൂന്നാംതവണയും അധികാരത്തിൽ വന്ന മോദി സർക്കാർ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോകുകയും തീവ്രമായ നവ ഉദാരനയങ്ങൾ നടപ്പാക്കുകയും അമിതാധികാരം പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതിനിടെ നവ ഫാസിസ്റ്റ് പ്രവണതകളും പ്രകടിപ്പിക്കുന്നു. ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിടുന്ന വർഗീയകലാപങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാവുകയാണ്.
ആർഎസ്എസ്-ബിജെപി ദ്വന്ദ്വത്തിനും ഹിന്ദുത്വശക്തികൾക്കും എതിരായി ബഹുമുഖ പോരാട്ടം നടത്താൻ ആവശ്യമായ രാഷ്ട്രീയ അടവുനയം പാർട്ടി കോൺഗ്രസ് കൈക്കൊള്ളണം.
ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാനും നവ ഉദാരനയങ്ങളുടെ കടന്നാക്രമണത്തിനും എതിരായി സിപിഎമ്മും ഇതര ഇടതുപക്ഷ പാർട്ടികളും ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിവരുന്നുണ്ട്. ഇത്തരം പോരാട്ടങ്ങളിൽ അണിനിരക്കുന്ന ബഹുജനങ്ങളെ രാഷ്ട്രീയവത്കരിക്കണം.
ഇവരിൽ ഹിന്ദുത്വ വർഗീയതയ്ക്കെതിരേ അതിശക്തമായ പ്രചാരണം നടത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഹിന്ദുത്വശക്തികൾ രാഷ്ട്രീയമായി ആധിപത്യം സ്ഥാപിക്കുന്നത് ഇലക്ടറൽ രീതിയിലൂടെ മാത്രമല്ല. അവർ ആശയപരമായും സാമൂഹികമായും ആധിപത്യം സ്ഥാപിക്കുന്നുണ്ട്.
കോർപറേറ്റുകളെയും സാമുദായികമായ അതിക്രമങ്ങളെയും ഇടതുശക്തികൾ ഒരുമിച്ച് എതിർക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ എതിർക്കുന്നതിൽ കേരളത്തിലെ സർക്കാർ മുൻപന്തിയിലുണ്ട്. കാരാട്ട് പറഞ്ഞു.