ജബൽപുർ അക്രമം ; പ്രതിഷേധാർഹം: മാർ പോൾ ആലപ്പാട്ട്
Thursday, April 3, 2025 3:10 AM IST
കോയന്പത്തൂർ: ജബൽപുരിൽ കത്തോലിക്കാ വൈദികർക്കും വിശ്വാസികൾക്കും നേരേ നടന്ന അക്രമങ്ങളും കൈയേറ്റവും, പ്രതിഷേധാർഹവും വേദനാജനകവും അപലപനീയവുമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്.
വൈദികരെയും സന്യസ്തരെയും ചില തീവ്രവാദികളും ദേശവിരുദ്ധഘടകങ്ങളും ആവർത്തിച്ച് ലക്ഷ്യംവയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്തുവാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണ്.
മതന്യൂനപക്ഷങ്ങൾക്കു നേരേ നടത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷക്ഷേമ മന്ത്രിയും ചേർന്ന് അടിയന്തരമായി സ്വീകരിക്കണം.
എല്ലാ വിശ്വാസീസമൂഹങ്ങൾക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ഭാരതത്തിന്റെ അഭിമാനമായ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, മതസൗഹാർദം എന്നിവ ലോകത്തിനു മാതൃകയായി ഉയർത്തിക്കാട്ടേണ്ടതുമാണ്. എന്നാൽ, ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ലോകത്തിന്റെ മുന്നിൽ നമ്മുടെ രാജ്യത്തിന്റെ യശസിനു കളങ്കംചാർത്തുന്നതും മനുഷ്യത്വത്തിനു നിരക്കാത്തതുമാണ്. ഈ സംഭവങ്ങളിൽ വേദന അനുഭവിക്കുന്ന വിശ്വാസീസമൂഹത്തോടുള്ള ഐക്യദാർഢ്യവും മാർ ആലപ്പാട്ട് പ്രഖ്യാപിച്ചു.