വനിതാ പ്രാതിനിധ്യം കേരളം നടപ്പാക്കുന്നില്ല
Thursday, April 3, 2025 2:06 AM IST
മധുര: വനിതാ പ്രാതിനിധ്യത്തിൽ കേരള ഘടകം വെള്ളം ചേർത്തെന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സിപിഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. മാർഗനിർദേശത്തിൽ മാറ്റം വരുത്തിയത് വനിതാ പ്രാതിനിധ്യം കുറച്ചു. ലോക്കൽ കമ്മിറ്റിയിൽ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് കേരള പാർട്ടി നിർദേശിച്ചത്.
നിശ്ചിത ശതമാനം നിർദേശിക്കാതിരുന്നത് വനിതാ പ്രാതിനിധ്യം കുറച്ചു. ലോക്കൽ കമ്മിറ്റികളിൽ 17 ശതമാനമുണ്ടായിരുന്ന വനിതകൾ 15 ശതമാനമായി കുറഞ്ഞു. ജില്ലാ കമ്മിറ്റികളിൽ 12.4 ശതമാനം മാത്രമേ സ്ത്രീകളുള്ളൂ. പാർട്ടിയിലെ വനിതാ പ്രാതിനിധ്യത്തിൽ മൂന്നു വർഷമായി കേരളത്തിൽ ഒരു മെച്ചപ്പെടലുമില്ല. സംസ്ഥാന കമ്മിറ്റിയിൽ നേരത്തേ 13 സ്ത്രീകളുണ്ടായിരുന്നത് ഇപ്പോൾ 12 ആയി കുറച്ചു.
വനിതാ പ്രാതിനിധ്യത്തിൽ മഹാരാഷ്ട്രയാണ് മാതൃക. 50 അംഗ സംസ്ഥാന കമ്മിറ്റിയിൽ 12 പേരാണ് സ്ത്രീകൾ; 24 ശതമാനം. 80 പേരുള്ള തമിഴ്നാട് സംസ്ഥാന കമ്മിറ്റിയിൽ 15 വനിതകളുണ്ട്. 19 ശതമാനം. 80 പേരുള്ള ബംഗാൾ സംസ്ഥാന കമ്മിറ്റിയിൽ 14 സ്ത്രീകളേയുള്ളൂ. ജില്ലാ കമ്മിറ്റികളിൽ 15 ശതമാനം സ്ത്രീസംവരണം നിർബന്ധമാക്കി. ത്രിപുരയിൽ വനിതാ അംഗങ്ങളുടെ എണ്ണം 20.3 ശതമാനമുള്ളത് 15.9 ശതമാനമായി കുറഞ്ഞു.
ഹിന്ദി സംസ്ഥാനങ്ങളിലാണ് വനിതാ പ്രാതിനിധ്യം കൂടുതൽ. ഡൽഹി - 27.5 ശതമാനം, മധ്യപ്രദേശ് - 20 ശതമാനം, രാജസ്ഥാൻ - 11.4 ശതമാനം, ബീഹാർ - 11 ശതമാനം, യുപി - 12 ശതമാനം, ഹരിയാന -17.8 ശതമാനം എന്നിങ്ങനെയാണ് വനിതാ പ്രതിനിധ്യം. വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കാൻ പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു.
പാർട്ടി യോഗം ചേരുന്നില്ല
പാർട്ടി അംഗങ്ങളുടെ എണ്ണം കൂടിയെങ്കിലും അതനുസരിച്ച് ബ്രാഞ്ചുകൾ പ്രവർത്തനക്ഷമമല്ല. കണ്ണൂർ പാർട്ടി കോൺഗ്രസ് കാലയളവിൽ 9,85,757 അംഗങ്ങളുണ്ടായിരുന്നത് ഇപ്പോൾ 10,19,009 ആയി ഉയർന്നു. 17 സംസ്ഥാനങ്ങളിലായി 81,513 പാർട്ടി ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. ഇതിൽ 30 ശതമാനം മാത്രമേ 45 ദിവസത്തിലൊരിക്കൽ യോഗം ചേരുന്നുള്ളൂ. മിക്കതും വർഷത്തിൽ നാലോ അഞ്ചോ തവണയേ ചേരുന്നുള്ളൂ.
അംഗസംഖ്യ പുതുക്കാൻ മാത്രം യോഗം ചേരുന്ന ബ്രാഞ്ചുകളും കുറവല്ല. ചിലയിടങ്ങളിൽ ലൈംഗികപീഡന പരാതികളും ഉയർന്നിട്ടുണ്ട്. തെറ്റുതിരുത്തൽ തുടർച്ചയായി നടത്തണമെന്നാണ് കണ്ണൂർ പാർട്ടി കോൺഗ്രസ് തീരുമാനിച്ചതെങ്കിലും തെറ്റുതിരുത്തൽ നടത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
യുകെ പ്രതിനിധിയെ ഒഴിവാക്കി
സിപിഎം പ്രതിനിധി സമ്മേളനം ആരംഭിക്കുന്നതിനിടെ യുകെ പ്രതിനിധിയെ ഒഴിവാക്കി. യുകെയിൽനിന്നുള്ള മലയാളി പ്രതിനിധി രാജേഷ് കൃഷ്ണനെയാണ് ഒഴിവാക്കിയത്. ചൊവ്വാഴ്ച ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് രാജേഷ് കൃഷ്ണനെ ഒഴിവാക്കാൻ തീരുമാനമായതെന്നാണ് സൂചന.
സിനിമാ നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾക്കെതിരേ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്നാണ് ഒഴിവാക്കാൻ തീരുമാനമെന്നറിയുന്നു. കേരള ഘടകം നേതാക്കൾ ഇടപെട്ടാണ് ഒഴിവാക്കിയത്. സിപിഎമ്മുമായി ബന്ധപ്പെട്ടുള്ള സമൂഹമാധ്യമങ്ങളിൽ സജീവമാണ് രാജേഷ് കൃഷ്ണ.