കച്ചത്തീവ് തിരിച്ചുപിടിക്കണം; പ്രമേയം പാസാക്കി തമിഴ്നാട്
Thursday, April 3, 2025 2:06 AM IST
ചെന്നൈ: ശ്രീലങ്കയ്ക്കു വിട്ടുകൊടുത്ത കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പ്രമേയം പാസാക്കി. ഏകകണ്ഠമായാണ് പ്രമേയം പാസായത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തെ പ്രധാന പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പിന്തുണച്ചു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ബിജെപിയും കോൺഗ്രസും സ്വീകരിച്ചു.
ദ്വീപ് വിട്ടുകൊടുത്ത ഇന്ത്യ-ശ്രീലങ്ക കരാർ ഉടൻ പുനഃപരിശോധിക്കാനും കച്ചത്തീവ് വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനും പ്രമേയം കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. തടവിലാക്കപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകൾക്കൊപ്പം മോചിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീലങ്കയുമായി ചർച്ച നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.