സുപ്രീംകോടതി ജഡ്ജിമാർ മണിപ്പുരിലേക്ക്
Wednesday, March 19, 2025 2:18 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാഷ്ട്രപതി ഭരണത്തിലുള്ള കലാപഭൂമിയായ മണിപ്പുരിൽ സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർ ശനിയാഴ്ച പ്രത്യേക സന്ദർശനം നടത്തും. ജസ്റ്റീസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മണിപ്പുരിൽനിന്നുള്ള സുപ്രീംകോടതിയിലെ ആദ്യത്തെ ജഡ്ജി ജസ്റ്റീസ് എൻ. കോടീശ്വർ സിംഗുമുണ്ട്. ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥൻ എന്നിവരാണ് മറ്റു നാല് ജഡ്ജിമാർ.
രാജ്യത്തെ ഏതെങ്കിലുമൊരു കലാപബാധിത സംസ്ഥാനത്ത് ഇത്രയും സുപ്രീംകോടതി ജഡ്ജിമാർ ഒരുമിച്ചു സന്ദർശനം നടത്തുന്നത് ആദ്യമായാണ്. ലോകരാജ്യങ്ങളും വിവിധ സംസ്ഥാനങ്ങളും പതിവായി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപം തുടങ്ങിയ രണ്ടു വർഷത്തോളമായിട്ടും മണിപ്പുർ സന്ദർശിക്കാത്തത് വലിയ വിമർശനത്തിനു വഴിവച്ചിരിക്കെയാണു സുപ്രീംകോടതി ജഡ്ജിമാർ മണിപ്പുരിലേക്കു പോകുന്നത്.
അവിടത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കൊല്ലപ്പെട്ടവർ അടക്കമുള്ള ഇരകൾക്കു ലഭിക്കുന്ന നിയമ, മെഡിക്കൽ, ഭക്ഷ്യ സഹായങ്ങൾ ഉൾപ്പെടെയുള്ളവ ഉറപ്പാക്കുകയാണ് രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ ലക്ഷ്യം.
ജഡ്ജിമാരുടെ സംഘം മെയ്തെയ്, കുക്കി മേഖലകളിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിക്കും. അക്രമത്തിന്റെ ആഘാതവും നിലവിലെ സ്ഥിതിഗതികളും നേരിട്ടു വിലയിരുത്തും.
കലാപബാധിതരും പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായവർക്ക് നീതി ഉറപ്പാക്കാനുള്ള ദേശീയ നിയമസഹായ അഥോറിറ്റിയുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ആറു സുപ്രീംകോടതി ജഡ്ജിമാരുടെ മണിപ്പുർ സന്ദർശനമെന്ന് അഥോറിറ്റി ഭാരവാഹി ദീപികയോട് പറഞ്ഞു.
കലാപം തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായിട്ടും ആയിരക്കണക്കിനാളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം പ്രാപിക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പുരിലേക്കു പോകുന്നതെന്നും അഥോറിറ്റി വ്യക്തമാക്കി.
മണിപ്പുർ ഗവർണർ അജയ്കുമാർ ഭല്ലയുമായി ജഡ്ജിമാർ കൂടിക്കാഴ്ച നടത്തുമോയെന്നു വ്യക്തമല്ല. എന്നാൽ, ജഡ്ജിമാരുടെ സന്ദർശനത്തിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവർക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെയും സൈനിക-അർധസൈനിക വിഭാഗങ്ങളുടെ മണിപ്പുരിലെ മേധാവികളെയും ജഡ്ജിമാർ വിളിച്ചുവരുത്തിയേക്കും.
നിലവിലെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്കുശേഷം അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആകേണ്ട ജസ്റ്റീസ് ഗവായ് നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻകൂടിയാണ്. മണിപ്പുരിലെ പ്രഥമ അഡ്വക്കറ്റ് ജനറൽ എൻ. ഇബോതോംബി സിംഗിന്റെ മകനായ ജസ്റ്റീസ് കോടീശ്വർ സിംഗ് നേരത്തെ ജമ്മു കാഷ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു.
മണിപ്പുർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയമിച്ച ജമ്മു കാഷ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റിയുടെ കാലാവധി ജൂലൈ 31 വരെ സുപ്രീംകോടതി കഴിഞ്ഞ തിങ്കളാഴ്ച നീട്ടിയിരുന്നു. ജസ്റ്റീസ് ശാലിനി ജോഷി, മലയാളിയായ ജസ്റ്റീസ് ആശാ മേനോൻ എന്നിവർ അംഗങ്ങളായ സമിതിയുടെ ഇടക്കാല റിപ്പോർട്ട് സുപ്രീംകോടതി പരിശോധിക്കുകയും ചെയ്തിരുന്നു.
രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവമടക്കം കലാപവുമായി ബന്ധപ്പെട്ട 27 പ്രധാന കേസുകൾ ആസാമിലെ ഗോഹട്ടി ഹൈക്കോടതി തന്നെ വാദം കേൾക്കാനും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
മെഡിക്കൽ, നിയമ സഹായങ്ങൾ ജഡ്ജിമാർ ഉറപ്പാക്കും
ന്യൂഡൽഹി: മണിപ്പുരിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്രങ്ങളിൽ ആരംഭിക്കുന്ന നിയമസഹായ ക്യാന്പുകളും മെഡിക്കൽ ക്യാന്പുകളും മുതിർന്ന ജഡ്ജിയായ ജസ്റ്റീസ് ബി.ആർ. ഗവായ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
ഇതിനു പുറമെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ഉക്രുൾ ജില്ലകളിലെ നിയമസഹായ ക്ലിനിക്കുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കുള്ള അവശ്യസാധനങ്ങളും സൗജന്യമായി ജഡ്ജിമാരുടെ സംഘം വിതരണം ചെയ്യും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാന ആരോഗ്യ, തൊഴിൽ, പെൻഷൻ പദ്ധതികൾ അടക്കമുള്ള ക്ഷേമപദ്ധതികളുടെ ഗുണഫലം ഇരകളടക്കമുള്ള സാധാരണക്കാർക്കു ലഭ്യമാക്കാനാണ് നിയമസഹായ അഥോറിറ്റിയുടെ ശ്രമം.
ഇതോടൊപ്പം വീടുകളും മറ്റും കത്തിച്ചാന്പലായവർക്കു നഷ്ടമായ തിരിച്ചറിയൽ, റേഷൻ കാർഡുകൾ, ആധാരം പോലുള്ള രേഖകൾ, സ്കൂൾ കോളജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ വീണ്ടും ലഭ്യമാക്കാനും സഹായംനൽകും. ദുരിതബാധിതർക്ക് സഹായവും സംരക്ഷണവും സൗകര്യങ്ങളും ഒരുക്കുകയാണ് ജഡ്ജിമാരുടെ ലക്ഷ്യമെന്ന് നിയമസഹായ അഥോറിറ്റി വ്യക്തമാക്കി.
ചെന്നൈയിൽനിന്നെത്തിയ 25 വിദഗ്ധ ഡോക്ടർമാരുടെ സംഘം ദുരിതാശ്വാസ ക്യാന്പുകളിൽ പ്രത്യേക മെഡിക്കൽ ക്യാന്പുകൾ നടത്തും.