മണിപ്പുരിനായി കർമപദ്ധതി വേണം: ജോസ് കെ. മാണി
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനും കലാപത്തിലെ ഇരകൾക്കു നീതി ലഭിക്കാനും സമയബന്ധിതമായ കർമപദ്ധതി കേന്ദ്രം പ്രഖ്യാപിക്കണമെന്ന് ജോസ് കെ. മാണി എംപി.
ഇരകളായവരെ സുരക്ഷിതമായി അവരുടെ ഗ്രാമത്തിൽ തിരിച്ചെത്തിക്കാനും തകർക്കപ്പെട്ട വീടുകളും പള്ളികളും പുനർനിർമിക്കാനും അടിയന്തര നടപടി വേണമെന്നും രാജ്യസഭയിൽ മണിപ്പുർ ബജറ്റ് ചർച്ചയിൽ ജോസ് ആവശ്യപ്പെട്ടു.
500ലേറെ ആളുകൾക്കു ജീവൻ നഷ്ടപ്പെടുകയും 60,000ലേറെ ആളുകൾ ഭവനരഹിതരാകുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി എത്തിയില്ലെന്നതു ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും ജോസ് ചൂണ്ടിക്കാട്ടി.