നാഗ്പുർ സംഘർഷം; അന്‍പതിലേറെപ്പേർ അറസ്റ്റിൽ
Wednesday, March 19, 2025 2:18 AM IST
നാഗ്പുർ: സംഘർഷമുണ്ടായ മഹാരാഷ്ട്രയിലെ നാഗ്പുരിൽ കർഫ്യു ഏർപ്പെടുത്തി. അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തു. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. ഇദ്ദേഹത്തിന്റെ മണ്ഡലം നാഗ്പുരിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച രാത്രി 7.30ന് ചിറ്റ്നിസ് പാർക്ക് മേഖലയിലായിരുന്നു സംഘർഷം.
ബജ്രംഗ് ദൾ പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചെന്ന അഭ്യൂഹത്തെത്തുടർന്ന് മുസ്ലിംകളും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ കത്തിച്ചു. വീടുകളും ഒരു ക്ലിനിക്കും നശിപ്പിക്കപ്പെട്ടു. 34 പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. നാഗ്പുർ സംഘർഷം ആസൂത്രിതമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു. ഔറംഗസീബിനെ മഹത്വവത്കരിക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് വിഎച്ച്പി നേതാവ് ദേവേഷ് മിശ്ര പറഞ്ഞു.
അക്രമികൾക്കെതിരേ എൻഎസ്എ ചുമത്തണമെന്നും എഫ്ഐആറിൽ ഉൾപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തണമെന്നും മിശ്ര ആവശ്യപ്പെട്ടു.
മതവികാരം വ്രണപ്പെടുത്തിയതിന് വിഎച്ച്പി, ബജ്രംഗ് ദൾ ഭാരവാഹികൾക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിഎച്ച്പി സെക്രട്ടറി ഗോവിന്ദ് ഷെൻഡെ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസ്.