ബിഹാറിനു വാരിക്കോരി; കേരളത്തിന് അവഗണന
Wednesday, March 19, 2025 12:56 AM IST
സീനോ സാജു
ന്യൂഡൽഹി: സമഗ്ര ശിക്ഷ അഭിയാനു കീഴിലെ ഫണ്ട് വിതരണത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. സർക്കാർ സ്കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്ന തുക മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കുറവാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽനിന്നു വ്യക്തമായി.
പദ്ധതിക്കു കീഴിൽ സർക്കാർ സ്കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രം 2024-25 അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ തുക ബിഹാറിന് അനുവദിച്ചപ്പോൾ ഏറ്റവും കുറവ് ഫണ്ട് ലഭിച്ച സംസ്ഥാനങ്ങളിൽ നാലാമതാണു കേരളം. അടിസ്ഥാനസൗകര്യ വികസനത്തിൽ കേന്ദ്രത്തിന്റെ അവഗണന ഏറ്റവും നേരിട്ടതു ബിജെപി ഇതര സംസ്ഥാനങ്ങൾ ഭരിക്കുന്ന കർണാടകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിമും മിസോറമുമാണ്.
അധിക ക്ലാസ് മുറി, കരകൗശലമുറി, ശുചിമുറികൾ, ശാസ്ത്ര-കംപ്യൂട്ടർ ലാബുകൾ, കുടിവെള്ളം, വൈദ്യുതി, ലൈബ്രറി എന്നിവയുടെ വികസനത്തിനായി ബിഹാറിലെ സർക്കാർ സ്കൂളുകൾക്ക് 415 കോടിയിലധികം രൂപ അനുവദിച്ചപ്പോൾ കേരളത്തിനു ലഭിച്ച വിഹിതം 6.12 കോടി രൂപയിലൊതുങ്ങി. അതേസമയം കർണാടകയ്ക്ക് 2024-25 അധ്യയനവർഷത്തിൽ 80 ലക്ഷം രൂപ മാത്രമാണു ലഭിച്ചിരിക്കുന്നത്. കേരളത്തിനു ലഭിച്ചിരിക്കുന്ന തുകയിൽ ആറു കോടി രൂപയും സ്കൂൾ വിദ്യാർഥികൾക്കായി ശുചിമുറികൾ നിർമിക്കാനാണ്.
നാലു ലക്ഷം രൂപ കുടിവെള്ളത്തിനായും മൂന്നു ലക്ഷം രൂപ വൈദ്യുതിക്കായും നാലു ലക്ഷം രൂപ കോവണിപ്പടി, കൈവരി എന്നിവയുടെ നിർമാണത്തിനായുമാണ് അനുവദിച്ചിരിക്കുന്നത്. സയൻസ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ ലാബുകൾക്കും ലൈബ്രറിക്കുമായി ഒരു രൂപപോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കണക്കുകളിൽ തെളിയുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2018-19 മുതൽ രാജ്യത്തുടനീളം നടപ്പിലാക്കുന്ന സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ളതാണ്. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പൂർണമായി നടപ്പിലാക്കാത്തതിൽ സമഗ്ര ശിക്ഷ അഭിയാനു കീഴിൽ സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്ന് തമിഴ്നാടും കേരളവുമടക്കമുള്ള സംസ്ഥാനങ്ങൾ ആരോപിച്ചിരുന്നു.
അതിനിടെ, സമഗ്ര ശിക്ഷ അഭിയാനു കീഴിൽ സ്മാർട്ട് ക്ലാസ്റൂമുകൾ നിർമിക്കുന്നതിനായി കേന്ദ്രം അനുവദിച്ചിരിക്കുന്ന തുകയിൽ കേരളം പകുതിയിൽ കൂടുതലും വിനിയോഗിച്ചിട്ടില്ലെന്ന് കേന്ദ്രം സഭയിൽ സമർപ്പിച്ച കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്മാർട്ട് ക്ലാസ്റൂമുകൾ നിർമിക്കുന്നതിനായി കേന്ദ്രം മൂന്നു വർഷത്തിനിടെ 12 കോടിയിലധികം രൂപ അനുവദിച്ചിരുന്നുവെങ്കിലും 3.36 കോടി രൂപ മാത്രമാണു സംസ്ഥാനം വിനിയോഗിച്ചിരിക്കുന്നത്.