ലോക്പാൽ ഉത്തരവിനെതിരായ ഹർജി നാളെ പരിഗണിക്കും
സ്വന്തം ലേഖകൻ
Monday, March 17, 2025 4:27 AM IST
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാർക്കെതിരായ പരാതി പരിഗണിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന ലോക്പാൽ ഉത്തരവിനെതിരേയുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ജനുവരി 27നാണ് ഹൈക്കോടതി ജഡ്ജിമാർക്കെതിരായ പരാതി പരിഗണിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ലോക്പാൽ ഉത്തരവിട്ടത്. ഇതിന്മേൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ലോക്പാലിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ലോക്പാൽ ഉത്തരവ് വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് ഫെബ്രുവരി 20ന് കേസ് പരിഗണിക്കവെ നിരീക്ഷിച്ച സുപ്രീംകോടതി, വിശദമായ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവച്ചിരുന്നു. വിഷയം ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലോക്പാലിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തത്.
സ്വകാര്യ കന്പനിയെ സഹായിക്കാൻ അഡീഷണൽ ജില്ലാ ജഡ്ജിയെയും മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജി സ്വാധീനിച്ചു എന്ന ആരോപണത്തിലായിരുന്നു ലോക്പാലിന്റെ നടപടി.
പൊതുപ്രവർത്തകർ എന്ന നിർവചനത്തിന്റെ പരിധിയിൽ ഹൈക്കോടതി ജഡ്ജിമാർ വരുമെന്നും അതിനാൽ പരാതി പരിഗണിക്കാൻ അധികാരമുണ്ടെന്നുമാണ് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാൽ ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ, ഭരണഘടന നിലവിൽ വന്നതുമുതൽ ഹൈക്കോടതി ജഡ്ജിമാർ ഭരണഘടനാ അഥോറിറ്റികളാണെന്നും ലോക്പാൽ വിശദീകരിച്ചതുപോലെ നിയമപരമായ ചുമതല വഹിക്കുന്നവർ മാത്രമല്ല അവരെന്നും കേസ് പരിഗണിക്കവെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
സമാന നിലപാടായിരുന്നു കേന്ദ്രസർക്കാരിനും. ഹൈക്കോടതി ജഡ്ജിയെ ലോക്പാലിന്റെ പരിധിയിൽ കൊണ്ടുവരികയെന്ന ഉദ്ദേശ്യം ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പരാതിക്കാരനിൽനിന്നും കേന്ദ്രസർക്കാരിൽനിന്നും സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു.