കർണാടകയിലെ ലഹരിവേട്ട: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്
Monday, March 17, 2025 4:27 AM IST
മംഗളൂരു: 2024ല്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നടന്ന അറസ്റ്റിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ വന്‍ മയക്കുമരുന്ന് വേട്ടയിലെത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. മംഗളൂരു പമ്പ്വെലില്‍ ഹൈദര്‍ അലി എന്നയാളില്‍നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹൈദര്‍ അലിയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച ചില വിവരങ്ങളെത്തുടര്‍ന്ന് കേസ് സിസിബി (സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്) യൂണിറ്റിനു കൈമാറി. അവര്‍ നടത്തിയ അന്വേഷണത്തിലാണു കര്‍ണാടകയില്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നു സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ കൂട്ടിച്ചേർത്തു.
ആറു മാസം മുന്‍പ് 6.248 കിലോഗ്രാം എംഡിഎംഎയുമായി നൈജീരിയന്‍ പൗരനായ പീറ്റര്‍ ഇക്കെഡി ബെലോന്‍വു അറസ്റ്റിലായി. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വിദേശ പൗരന്മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചു.
ബംഗളൂരു നഗരത്തിലേക്കു രണ്ടു വിദേശവനിതകള്‍ മയക്കുമരുന്നുമായി എത്തുന്നുവെന്ന രഹസ്യവിവരം വെള്ളിയാഴ്ചയാണു പോലീസിനു ലഭിക്കുന്നത്. തുടര്‍ന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള നീലാദ്രി നഗറില്‍നിന്നു ബംബയെയും അബിഗൈലിനെയും മംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു. നാലു മൊബൈല്‍ ഫോണ്‍, രണ്ടു ട്രോളിബാഗ്, രണ്ടു പാസ്പോര്‍ട്ട്, 18,460 രൂപ എന്നിവയും ഇവരുടെ കൈയില്‍നിന്നു പിടികൂടി.
ലഹരിമരുന്നു കച്ചവടക്കാർക്ക് അമിത് ഷായുടെ മുന്നറിയിപ്പ്
ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി സർക്കാർ അതിശക്തമായ നടപടികൾ തുടരുമെന്ന് ലഹരിമരുന്ന് വേട്ടയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ലഹരിമരുന്നുകടത്തുകാരോടു സർക്കാർ ഒരു ദയയും കാണിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.