മധ്യപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ എഎസ്ഐ കൊല്ലപ്പെട്ടു
Monday, March 17, 2025 4:27 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. മാവ്ഗഞ്ച് ജില്ലയിലെ ഗദ്ര ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. ആറ് ആദിവാസി വിഭാഗക്കാരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച ഒരുസംഘം ആദിവാസികൾ ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് എഎസ്ഐ കൊല്ലപ്പെട്ടത്. സണ്ണി ദ്വിവേദി എന്നയാളെയാണ് കോൽ ആദിവാസി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഏതാനും മാസംമുന്പ് അശോക് കുമാർ എന്ന ആദിവാസി വിഭാഗക്കാരൻ മരിച്ചതിന് ഉത്തരവാദി സണ്ണി ദ്വിവേദി ആണെന്നായിരുന്നു ആദിവാസികളുടെ ആരോപണം.
അതേസമയം, അശോക് കുമാർ മരിച്ചത് റോഡപകടത്തിലാണെന്നു പോലീസ് റെക്കോർഡ് വ്യക്തമാക്കുന്നു. ദ്വിവേദിയെ ആദിവാസികൾ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ് ഷാപുർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സന്ദീപ് ഭാരതീയയുടെ നേതൃത്വത്തിൽ പോലീസ് സംഘം ഗദ്ര ഗ്രാമത്തിൽ പാഞ്ഞെത്തിയെങ്കിലും അപ്പോഴേക്കും സണ്ണി ദ്വിവേദിയെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.