സുസ്ഥിര വികസനം: സാമൂഹിക പ്രതിബദ്ധതയുമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
Wednesday, March 19, 2025 12:56 AM IST
ബംഗളൂരു: വിദ്യാര്‍ഥി സമൂഹത്തിനും സമൂഹത്തിനും പരിസ്ഥിതി അവബോധം പകര്‍ന്ന് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ സുസ്ഥിരതാ വാരാചരണം.
യൂണിവേഴ്സിറ്റിയുടെ എല്ലാ കാമ്പസുകളിലുമായി അഞ്ചുദിവസത്തെ ‘സസ്റ്റൈനബിലിറ്റി വീക്ക് -തത്വ 2025’ പരിപാടിയില്‍ എന്‍ജിഒകള്‍, കോര്‍പറേറ്റ് മേഖലകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസ് മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ സംഘടിപ്പിച്ചു.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ എസ്ഡിജി സെല്ലാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ റവ. ഡോ. സി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഭാനു പൊറ്റ (ബോര്‍ഡ് ഡയറക്ടര്‍ ആന്‍ഡ് സ്ട്രാറ്റജിക് അഡൈ്വസര്‍, സിംഗര്‍ ലാബ്സ്), പരിസ്ഥിതി പ്രവര്‍ത്തകനും സംരംഭകനുമായ ചെറിഷ് ടോട്ട, സുഭദ്ര ഗുപ്ത (സോഷ്യല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സസ്റ്റൈനബിലിറ്റി ലീഡ്), ഡോ. പ്രതാപ് ബി. റാവു (ബിസിനസ് ലീഡര്‍), ഭാനു പ്രസാദ് (ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സ്പെഷലിസ്റ്റ്), ഡോ. എഡ്മണ്ട് ഫെര്‍ണാണ്ടസ് (പബ്ലിക് ഹെല്‍ത്ത് എക്സ്പെര്‍ട്ട് സിഇഒ) തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നേതൃത്വം നല്‍കുമെന്നും അതിനായി പരിസ്ഥിതി അവബോധം അക്കാദമിക് സംസ്കാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും വൈസ് ചാന്‍സലര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എനിക്ക് എന്ത് സാമൂഹിക നീതി തത്വങ്ങള്‍ ഉയര്ത്തിപ്പിടിക്കാനാകും എന്ന് സ്വയം ചോദിക്കാന്‍ തക്കവണ്ണം വിദ്യാര്‍ഥികള്‍ ഇത്തരം പരിപാടികളിലൂടെ പ്രാപ്തരാകണമെന്ന് ഡോ. എഡ്മണ്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.
സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അടുത്ത മൂന്നുവര്‍ഷത്തേക്ക് യുഎന്‍എഐ എസ്ഡിജി ഹബ് 5 ചെയര്‍ ആയി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്.