വോട്ടർ കാർഡ്-ആധാർ ബന്ധിപ്പിക്കൽ: മുന്നോട്ടെന്ന് തെര. കമ്മീഷൻ
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി: നിലവിലെ നിയമങ്ങളും സുപ്രീംകോടതി നിർദേശങ്ങളുമനുസരിച്ച് വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
ഇതുമായി ബന്ധപ്പെട്ട് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സാങ്കേതിക വിദഗ്ധരുമായി കൂടിയാലോചനകൾ ഉടൻ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ വ്യക്തമാക്കി.
വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിഷയത്തിൽ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായും യുഐഡിഎഐ സിഇഒയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കമ്മീഷന്റെ പ്രതികരണം. വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക കടന്പകൾ ചർച്ച ചെയ്തതായും കമ്മീഷൻ അറിയിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 326 , 1950 ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6), ആധാറുമായി ബന്ധപ്പെട്ട 2023 ലെ സുപ്രീംകോടതി ഉത്തരവും അനുസരിച്ച് മാത്രമേ വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നടത്തുകയുള്ളൂവെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടിക്കാട്ടി.
ആധാറും വോട്ടർ കാർഡുകളും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കരുതെന്നായിരുന്നു 2023ലെ സുപ്രീംകോടതി ഉത്തരവ്. ഇതു ലംഘിക്കാതെ എങ്ങനെ എല്ലാ വോട്ടർമാർക്കും സവിശേഷ നന്പർ നൽകാമെന്നാണു കമ്മീഷൻ പരിശോധിക്കുന്നത്.
രാജ്യത്ത് ഒരു പൗരന് ഒരു ആധാർ നന്പർ മാത്രമാണുള്ളത്. ഇതു വോട്ടർ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ വോട്ടർമാരെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതീക്ഷിക്കുന്നത്.