വ്യാജ വോട്ടർ കാർഡ്, മണ്ഡല പുനർനിർണയം; രാജ്യസഭയിൽ പ്രതിപക്ഷ വാക്കൗട്ട്
Tuesday, March 18, 2025 1:48 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡുകൾ, മണ്ഡല പുനർനിർണയം എന്നീ പ്രശ്നങ്ങളിന്മേൽ ചർച്ച ആവശ്യപ്പെട്ടു രാജ്യസഭയിൽ ബഹളവും പ്രതിപക്ഷ വാക്കൗട്ടും. ഇതേ പ്രശ്നത്തിൽ ലോക്സഭയിലും പ്രതിപക്ഷ എംപിമാർ അടിയന്തര ചർച്ചയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇരുസഭകളിലും അധ്യക്ഷന്മാർ ചർച്ച അനുവദിക്കാത്തതിനെത്തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. രാജ്യസഭയിൽ മുദ്രാവാക്യം വിളിച്ച ശേഷമാണു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
ഹോളി ആഘോഷത്തിനായുള്ള നാലു ദിവസത്തെ ഇടവേളയ്ക്കുശേഷം ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെ ചേർന്നയുടൻ കോണ്‍ഗ്രസ്, തൃണമൂൽ, ഇടതു പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ചത്.
വോട്ടർ ഐഡി തട്ടിപ്പ് വിവാദത്തെക്കുറിച്ച് ചട്ടം 267 പ്രകാരം സാധാരണ നടപടികൾ നിർത്തിവച്ചുള്ള ചർച്ച ആവശ്യപ്പെട്ട് പത്തോളം എംപിമാർ നോട്ടീസ് നൽകിയിരുന്നു. മണ്ഡല പുനർനിർണയ പ്രശ്നത്തിൽ ചർച്ച ആവശ്യപ്പെട്ട് ഡിഎംകെ എംപിമാർ വേറെ നോട്ടീസും നൽകി. അടിയന്തര പ്രമേയ ചർച്ചയ്ക്ക് ഉപാധ്യക്ഷൻ ഹരിവൻഷ് അനുമതി നിഷേധിച്ചതിനെത്തുടർന്നായിരുന്നു വാക്കൗട്ട്.
രാജ്യസഭയിൽ ചർച്ചയ്ക്കുശേഷം മണിപ്പുർ ബജറ്റ് ഇന്നലെ പാസാക്കി. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകളുടെ സന്പൂർണ പരാജയമാണ് മണിപ്പുർ കലാപം രണ്ടു വർഷത്തോളം നീണ്ടിട്ടും പരിഹരിക്കാനാകാത്തതെന്ന് പ്രതിപക്ഷ എംപിമാർ ചർച്ചയിൽ കുറ്റപ്പെടുത്തി. ലോക്സഭയിൽ മണിപ്പുർ ബജറ്റ് നേരത്തേ പാസാക്കിയിരുന്നു.
ലോക്സഭയിൽ നടന്ന റെയിൽവേ ധനാഭ്യർഥന ചർച്ചയിൽ ട്രെയിനപകടങ്ങൾ കൂടുന്നതു സംബന്ധിച്ച് പ്രതിപക്ഷം രൂക്ഷ വിമർശനങ്ങളാണു നടത്തിയത്.
രാജ്യസഭയിൽ ഇന്നലെ രാവിലെ വ്യാജ വോട്ടർ ഐഡി കാർഡ് പ്രശ്നം ഉന്നയിക്കാൻ ടിഎംസി, കോണ്‍ഗ്രസ് എംപിമാർ ശ്രമിച്ചപ്പോൾ, ലോക്സഭാ മണ്ഡലങ്ങളുടെ വരാനിരിക്കുന്ന അതിർത്തി പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നത് ചർച്ച ചെയ്യണമെന്ന് ഡിഎംകെയിലെ പി. വിൽസണും സിപിഎമ്മിലെ വി. ശിവദാസനും ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ പേരിൽ തമിഴ്നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ഡിഎംകെ ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ മറുപടിയിൽ തമിഴ് എംപിമാർ വലിയ പ്രതിഷേധമുയർത്തി.
കേരളത്തിൽ മയക്കുമരുന്നിന് അടിമപ്പെടുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും എണ്ണം കൂടുന്നത് ഗുരുതര സ്ഥിതിവിശേഷമാണു സൃഷ്ടിക്കുന്നതെന്നും ഇതേക്കുറിച്ച് രാജ്യസഭയിൽ ചർച്ച വേണമെന്നും മുസ്ലിം ലീഗിലെ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതിനായി ഭാരതി എയർടെല്ലും റിലയൻസ് ജിയോയും ഇലോണ്‍ മസ്കിന്റെ സ്റ്റാർലിങ്കുമായി ഉണ്ടാക്കിയ കരാറിന്റെ ആഘാതം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് സിപിഐയിലെ പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
ആറു സംസ്ഥാനങ്ങളിലെ 85 ലക്ഷം കുട്ടികളുടെ ഭാവി അപകടത്തിലാക്കിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ളവ തടയുന്നതിനും പരീക്ഷാപ്രക്രിയയുടെ സമഗ്രത ഉറപ്പാക്കുന്നതിനും നടപടികൾ ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസിലെ മാണിക്കം ടാഗോർ ആവശ്യപ്പെട്ടു.