അമൃത്സറിലെ ക്ഷേത്രത്തിൽ ഗ്രനേഡ് ആക്രമണം; പിന്നിൽ ഐഎസ്ഐ
Sunday, March 16, 2025 1:33 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ഹിന്ദു ക്ഷേത്രത്തിൽ ഗ്രനേഡ് ആക്രമണം. അമൃത്സറിലെ ഖണ്ട്വാല പ്രദേശത്തെ താക്കൂർദ്വാര ക്ഷേത്രത്തിൽ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അജ്ഞാതർ ക്ഷേത്രത്തിലേക്ക് സ്ഫോടകവസ്തു എറിഞ്ഞശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
വെള്ളിയാഴ്ച അർധരാത്രി നടന്ന ശക്തമായ സ്ഫോടനത്തിൽ ജനൽച്ചില്ലുകൾ തകർന്നു. കെട്ടിടത്തിന്റെ ചുവരുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. സ്ഫോടനശബ്ദം കേട്ടുണർന്ന ക്ഷേത്രത്തിലെ പൂജാരിയാണ് ഇന്നലെ പുലർച്ചെ രണ്ടോടെ പോലീസിൽ വിവരമറിയിച്ചത്. പോലീസും ഫോറൻസിക് സംഘവും ഉടൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല.
ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ക്ഷേത്രത്തിനു മുന്നിൽ അല്പനേരം നിർത്തി പരിസരം വീക്ഷിച്ചശേഷം സ്ഫോടകവസ്തുക്കൾ എറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഭീതി പരത്തുന്നതിനായി ഹാൻഡ് ഗ്രനേഡുകളാണ് യുവാക്കൾ ക്ഷേത്രത്തിലേക്കെറിഞ്ഞത്.
വെള്ളിയാഴ്ച അർധരാത്രി 12.35നാണ് സംഭവം. ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്പോൾ പൂജാരി ക്ഷേത്രത്തിനകത്തുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. സ്ഫോടനത്തിനു പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്ന് അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ പറഞ്ഞു.