സൈബർ തട്ടിപ്പ്: അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ
Monday, March 17, 2025 4:27 AM IST
ന്യൂഡൽഹി: രാജ്യത്തെ സൈബർ തട്ടിപ്പ് കേസുകൾ തീർപ്പാക്കുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും അതിവേഗ കോടതി സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ. പണം കണ്ടെത്താൻ സാധിച്ചെങ്കിലും നഷ്ടപ്പെട്ടവരിലേക്കു തിരികെയെത്താൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ പാർലമെന്റിലെ ഐടി സ്ഥിരംസമിതിക്കു നൽകിയ മറുപടിയിൽ വ്യക്തമാക്കി.
സൈബർ തട്ടിപ്പിലൂടെ കഴിഞ്ഞ നാലു വർഷത്തിൽ നഷ്ടപ്പെട്ട തുകയുടെ 12 ശതമാനം മാത്രമാണ് അന്വേഷണസംഘങ്ങൾക്കു കണ്ടെത്താൻ സാധിച്ചത്. ഇതിൽ 0.4 ശതമാനം മാത്രമാണ് ഉടമകൾക്കു തിരികെ നൽകാനായതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സൈബർ കുറ്റകൃത്യങ്ങളിലൂടെ പണം തട്ടിയെടുക്കുന്നത് തടയാൻ വിവിധ ബാങ്കുകളുടെയും സാന്പത്തിക ഇടനിലക്കാരുടെയും അന്വേഷണ ഏജൻസികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിവരികയാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് സൈബർ തട്ടിപ്പ് ലഘൂകരണ കേന്ദ്രം സ്ഥാപിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.