ഖുറാൻ കത്തിച്ചുവെന്ന് അഭ്യൂഹം; നാഗ്പുരിൽ സംഘർഷം
Tuesday, March 18, 2025 1:48 AM IST
നാഗ്പുർ: ബജ്രംഗ് ദൾ പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചുവെന്ന അഭ്യൂഹത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിൽ സംഘർഷം. നാലുപേർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. ഏതാനും വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. വീടുകൾക്കു നേരേ കല്ലേറുണ്ടായി. സെൻട്രൽ നാഗ്പുരിലായിരുന്നു സംഘർഷം.
ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബജ്രംഗ് ദൾ പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംഘർഷം. പ്രകടനത്തിനിടെ ഖുറാൻ കത്തിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചതോടെ മുസ്ലിം വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
ഖുറാൻ കത്തിച്ചില്ലെന്നും ഔറംഗസീബിന്റെ കോലം മാത്രമാണു കത്തിച്ചതെന്നും ബജ്രംഗ് ദൾ ഭാരവാഹികൾ അറിയിച്ചു. പ്രദേശത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.