നോക്കുകൂലി വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ധനമന്ത്രി നിർമല സീതാരാമൻ
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി: രാജ്യസഭയിൽ നോക്കുകൂലി വിഷയമുയർത്തി സിപിഎമ്മുകാരെയും കമ്യൂണിസത്തെയും പരിഹസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
കേരളത്തിൽ ബസിൽനിന്നു ലഗേജ് താഴെയിറക്കുന്നയാൾക്ക് 50 രൂപ നൽകേണ്ടിവരുന്പോൾ മറ്റൊരു 50 രൂപ ഒന്നും ചെയ്യാതെ നോക്കിക്കൊണ്ടിരുന്ന സിപിഎം അംഗത്തിന് നോക്കുകൂലിയായി നൽകേണ്ടിവരുന്നുവെന്നായിരുന്നു ധനമന്ത്രിയുടെ വിമർശനം.
കേരളത്തിൽ നിലവിൽ നോക്കുകൂലിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ടായിരുന്നു നിർമലയുടെ പരിഹാസം.
നോക്കുകൂലി പോലുള്ള കമ്യൂണിസമാണു കേരളത്തിലെ വ്യവസായത്തിൽ. വ്യവസായവത്കരണത്തിലെ മോശം നയങ്ങളിൽനിന്ന് കേരളത്തിന് ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും നിർമല വിമർശിച്ചു.
സിപിഎം ഭരണത്തിനു കീഴിലാണ് ബംഗാളിൽ ഏറ്റവും തീവ്രമായ കലാപം ഉടലെടുത്തതെന്നും ത്രിപുരയും സിപിഎം ഭരണത്തിനു കീഴിൽ ദുരിതമനുഭവിച്ചുവെന്നും നിർമല കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസിൽ നടന്ന ചർച്ചകൾക്കു പിന്നാലെയാണ് സിപിഎമ്മിനെയും കമ്യൂണിസത്തെയും കടന്നാക്രമിച്ചുകൊണ്ടുള്ള നിർമലയുടെ കുറ്റപ്പെടുത്തൽ.