മഹാകുംഭമേളയിലൂടെ ഇന്ത്യയുടെ ശക്തി ലോകം കണ്ടുവെന്ന് മോദി
Wednesday, March 19, 2025 2:18 AM IST
സനു സിറിയക്
ന്യൂഡൽഹി: മഹാകുംഭമേള രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും ഇന്ത്യയുടെ ശക്തി ലോകം കണ്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നേട്ടങ്ങൾക്കു പ്രചോദനമേകുന്ന ഒരു ദേശീയ ഉണർവ് കുംഭമേള സമ്മാനിച്ചുവെന്നും ലോക്സഭയിൽ മോദി പ്രസ്താവിച്ചു.
രാജ്യത്തെ ഐക്യത്തിന്റെ ആത്മാവിനെ ഇതു ശക്തിപ്പെടുത്തി. ഇത്രയും വലിയ സമ്മേളനം സംഘടിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്തവർക്ക് ഉചിത മറുപടിയായി കുംഭമേള മാറിയെന്നും മോദി ലോക്സഭയിൽ പറഞ്ഞു.
വലുപ്പചെറുപ്പം നോക്കാതെ "നമ്മൾ’ എന്ന വികാരത്തോടെ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് നിരവധിപ്പേരാണു പ്രയാഗ്രാജിൽ ഒത്തുചേർന്നത്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. മഹാകുംഭമേളയിൽ അതിന്റെ മഹത്തായ രൂപം നമുക്ക് അനുഭവപ്പെട്ടെന്നും മോദി പറഞ്ഞു.
അതേസമയം, മഹാകുംഭമേളയെപ്പറ്റി ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിൽ, തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ച സംഭവങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇന്നലെ ഉച്ചയോടെ ലോക്സഭ പിരിഞ്ഞു. ചോദ്യോത്തരവേളയ്ക്കു പിന്നാലെ സഭയിലെത്തിയ മോദി കുംഭമേളയെപ്പറ്റി പ്രസ്താവന നടത്തുകയായിരുന്നു.
എന്നാൽ, പ്രസംഗം സഭയുടെ അജൻഡയിലില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ചട്ടം 372 പ്രകാരം സ്പീക്കർ ഓം ബിർള പ്രസംഗത്തിന് അനുമതി നൽകി. മഹാകുംഭമേളയെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. കുംഭമേളയിൽ സർക്കാരിനു സംഭവിച്ച വീഴ്ചകളും പ്രസ്താവനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോണ്ഗ്രസ്, സമാജ്വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോണ്ഗ്രസ് തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മോദിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിക്കാൻ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അനുമതി തേടിയെങ്കിലും സ്പീക്കർ സമ്മതിച്ചില്ല. ഇതോടെ പ്രതിപക്ഷം ബഹളം ശക്തമാക്കിയതിനെത്തുടർന്ന് ആദ്യം അര മണിക്കൂർ സഭ നിർത്തി വച്ചു. പിന്നീട് ഉച്ചയ്ക്ക് ഒന്നിനുശേഷം സഭാനടപടികൾ ആരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തിൽ മുങ്ങുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരേ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം.