24 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ മൂന്നു പേർക്കു തൂക്കുകയർ
Wednesday, March 19, 2025 2:18 AM IST
മയിൻപുരി: ഉത്തർപ്രദേശിലെ ദെഹുലി കൂട്ടക്കൊലയിൽ മൂന്നു പേർക്കു തൂക്കുകയർ. 43 വർഷം മുന്പ് 24 ദളിതരാണു കൂട്ടക്കൊലയ്ക്കിരയായത്. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
കപ്താൻ സിംഗ്(60), രാംപാൽ(60), രാം സേവക്(70) എന്നിവർക്കാണ് പ്രത്യേക കോടതി ജഡ്ജി ഇന്ദിരാ സിംഗ് വധശിക്ഷ വിധിച്ചത്. ഇതൂകൂടാതെ 50,000 രൂപ വീതം പിഴയൊടുക്കണം. മൂന്നു പേരും കുറ്റക്കാരാണെന്ന് മാർച്ച് 12ന് കോടതി കണ്ടെത്തിയിരുന്നു.
1981 നവംബർ 18ന് സന്തോഷ് സിംഗ്, രാധേശ്യാം എന്നിവരുടെ നേതൃത്വത്തിൽ കാക്കിവേഷധാരികളായ 17 അക്രമികൾ ദെഹുലി ഗ്രാമത്തിലെത്തി ദളിതരെ വെടിവച്ചുകൊല്ലുകയായിരുന്നു. ഒരു ദളിത് കുടുംബത്തെയാണ് അക്രമികൾ ലക്ഷ്യമിട്ടത്.
കൊല്ലപ്പെട്ടവരിൽ ആറു മാസവും രണ്ടു വയസും പ്രായമുള്ള കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. വിചാരണയ്ക്കിടെ സന്തോഷ് സിംഗ്, രാധേശ്യാം എന്നിവർ ഉൾപ്പെടെ 13 പ്രതികൾ മരിച്ചു. ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദുരന്തത്തിനിരയായ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. പ്രതിപക്ഷനേതാവായി രുന്ന അടൽ ബിഹാരി വാജ്പേയി ദെഹുലിയിൽനിന്ന് സാദുപുർ വരെ പദയാത്ര നടത്തിയിരുന്നു.