കർണാടകയിലും ആസാമിലും വൻ ലഹരിവേട്ട
Monday, March 17, 2025 4:27 AM IST
മംഗളൂരു/ഗോഹട്ടി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ലഹരിമരുന്നു വേട്ട. കർണാടകയിലും ആസാമിലുമാണ് വൻ തോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തത്. 75 കോടി വിലമതിക്കുന്ന 37.87 കിലോ എംഡിഎംഎയുമായി അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ടു ദക്ഷിണാഫ്രിക്കന്‍ യുവതികളെ മംഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്.
അഗ്ബോവില് സ്വദേശിനി ബംബ ഫാന്റ എന്ന അഡോണിസ് ജബുലൈല് (31), പ്രിട്ടോറിയ സ്വദേശിനി അബിഗൈല് അഡോണിസ് എന്ന ഒലിജോ ഇവാന്‍സ് (30) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.

ബംബ 2020ല്‍ ബിസിനസ് വീസയിലും അബിഗൈല് 2016ല്‍ മെഡിക്കല്‍ വീസയിലാണ് ഇന്ത്യയിലെത്തിയത്. ഇരുവരും ന്യൂഡല്‍ഹിയിലാണു താമസം. ഡല്‍ഹിയില്‍നിന്നു ബംഗളൂരുവിലേക്ക് എംഡിഎംഎ എത്തിച്ചുനല്‍കുകയായിരുന്നു ഇവരുടെ ജോലി. നിലമംഗല, ഹൊസകോട്ടെ, കെആര്‍ പുരം എന്നിവിടങ്ങളില്‍ നൈജീരിയക്കാര്‍ക്ക് ഉള്‍പ്പെടെ ഇവര്‍ എംഡിഎംഎ വിതരണം ചെയ്തിരുന്നു. വിതരണം കഴിഞ്ഞയുടന്‍ ഡല്‍ഹിയിലേക്കു മടങ്ങും. ആഡംബരജീവിതമാണ് ഇരുവരും നയിച്ചിരുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ 59 തവണ ഇവര്‍ ഡല്‍ഹിയില്‍നിന്നു ബംഗളൂരുവിലേക്ക് വിമാനമാര്‍ഗം യാത്ര നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ലഹരിക്കടത്തില്‍ തങ്ങള്‍ പങ്കാളികളാണെന്ന് ഇവര്‍ പോലീസിനോടു സമ്മതിച്ചതായും സൂചനയുണ്ട്. ഇവര്‍ വിതരണം ചെയ്ത മയക്കുമരുന്ന് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചതാണോ അതോ വിദേശത്തുനിന്ന് എത്തിച്ചതാണോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
ഇംഫാൽ, ഗോഹട്ടി എന്നിവിടങ്ങളിൽനിന്നാണു ലഹരിക്കായി ഉപയോഗിക്കാൻ എത്തിച്ച 88 കോടി രൂപ വിലവരുന്ന മെത്താംഫെറ്റാമൈൻ ഗുളികകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിലാവുകയും ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് ഇംഫാലിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ലിലോംഗ് മേഖലയിൽ നിന്ന് 102.39 കിലോ മെത്താംഫെറ്റാമൈൻ ഗുളിക പിടിച്ചെടുത്തതാണ് ആദ്യസംഭവം. ഒരു ട്രക്കിലെ ടൂൾബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ട്രക്കിലുണ്ടായിരുന്ന രണ്ടു പേരും ലഹരി കൈമാറ്റത്തിനെത്തിയ മറ്റൊരാളും അറസ്റ്റിലാവുകയും ചെയ്തു. മണിപ്പുരിലെ മോറെയിൽനിന്നാണു ലഹരിമരുന്ന് എത്തിച്ചത്.
അതേദിവസംതന്നെയാണ് ആസാം-മിസോറം അതിർത്തിയിൽ സിൽച്ചാറിനു സമീപം ആഡംബരവാഹനത്തിൽനിന്ന് 7.48 കിലോ ലഹരിഗുളിക പിടിച്ചെടുത്തത്. വാഹനത്തിനുള്ളിൽ ഒരു ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിഗുളിക. ഈ മാസം ആദ്യം ഐസ്വാളിൽ 46 കിലോ ലഹരിഗുളിക പിടിച്ചെടുത്തതാണു മറ്റൊരു സംഭവം.