കടൽമണൽ ഖനനം കേരളത്തിനു ഗുണകരമെന്ന് കേന്ദ്രമന്ത്രി
Tuesday, March 18, 2025 1:48 AM IST
ന്യൂഡൽഹി: കടൽ മണൽഖനനം കേരളത്തിന് ഗുണകരമായിരിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി കീർത്തിവർധൻ സിംഗ്.
കടൽമണൽ ഖനനത്തിനുള്ള പ്രദേശങ്ങൾ സൂക്ഷ്മമായാണു തെരഞ്ഞെടുക്കുന്നതെന്നും മത്സ്യബന്ധന മേഖലകളെ ബാധിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി ലോക്സഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു.
എന്നാൽ, ഖനനം മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം ഖനന നടപടികളിൽനിന്ന് പിന്മാറണമെന്നും കെ.സി. വേണുഗോപാൽ എംപി സഭയിൽ ആവശ്യപ്പെട്ടു.
നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെൻഡർ നടപടികൾ ഉടനടി നിർത്തിവയ്ക്കണമെന്നും വിഷയത്തിൽ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് നിഷ്പക്ഷമായ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെൻഡർ നടപടികൾക്കുശേഷം പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനെതിരേ എൻ.കെ. പ്രേമചന്ദ്രൻ എംപിയും ചോദ്യമുയർത്തി.