വിമർശനം ജനാധിപത്യത്തിന്റെ അടിസ്ഥാനം: മോദി
Monday, March 17, 2025 4:27 AM IST
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്സ്പ്രസ് ട്രെയിനിനു നേരേയുണ്ടായ ആക്രമണം സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറം വ്യാപ്തിയുണ്ടാക്കിയ ദുരന്തമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേത്തുടര്‍ന്നുണ്ടായ കലാപം എല്ലാവര്ക്കും വലിയ തിരിച്ചടിസൃഷ്ടിച്ചെന്നും മോദി പറഞ്ഞു.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനും നിർമിത ബുദ്ധിയിലെ ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്നുണിക്കൂര് നീണ്ട സംഭാഷണത്തിൽ ജനാധിപത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, ആര്‍എസ്എസ് ബന്ധം, രാജ്യാന്തര സൗഹൃദങ്ങള്‍ തുടങ്ങി ഒട്ടേറെക്കാര്യങ്ങളെക്കുറിച്ച് പ്രധാമന്ത്രി മനസ് തുറന്നു.
വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് വിമർശനങ്ങളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നൽകി. വിമർശനനങ്ങളെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ യഥാര്‍ഥ വിമര്‍ശനം കണ്ടെത്താന്‍ ഇക്കാലത്ത് പ്രയാസമാണ്. വിമര്‍ശനവും ആരോപണങ്ങളുംതമ്മില് വ്യത്യാസമുണ്ട്.
മോദി എന്ന പേരല്ല, മറിച്ച് 140 കോടി ഇന്ത്യക്കാരും ആയിരക്കണക്കിന്, കാലാതീതമായ വര്‍ഷങ്ങളുടെ സംസ്കാരവും പൈതൃകവുമാണ് തന്റെ ശക്തി. ഒരു ലോകനേതാവിന് ഞാന്‍ ഹസ്തദാനം ചെയ്യുമ്പോള്‍ മോദിയായല്ല മറിച്ച് 140 കോടി ഇന്ത്യക്കാരായാണ് അതു ചെയ്യുന്നത്.
ഉറച്ച തീരുമാനങ്ങളിലൂടെ ട്രംപ് ലക്ഷ്യത്തിലെത്തും
ആദ്യ തവണയും ഇപ്പോള്‍ രണ്ടാമതും പ്രസിഡന്റ് ട്രംപിനെ താന്‍ ശ്രദ്ധിച്ചിരുന്നു. മുമ്പത്തേക്കാള്‍ കൂടുതല്‍ ഒരുക്കങ്ങളോടെയാണ് ട്രംപ് എത്തിയിരിക്കുന്നത്. വ്യക്തമായ ഒരു ദിശാസൂചി മനസിലുണ്ട്. ആലോചിച്ചുറപ്പിച്ച തീരുമാനങ്ങളിലൂടെ അദ്ദേഹം ലക്ഷ്യങ്ങളിലേക്ക് എത്തും.
ആരോഗ്യകരമായ രീതിയില്‍ സ്വാഭാവികമായി ഇന്ത്യയും ചൈനയും മത്സരിക്കണമെന്നതാണ് ആഗ്രഹം.
വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. ജനാധിപത്യം നിങ്ങളുടെ സിരകളില്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
വിമര്‍ശകരെ എപ്പോഴും അടുത്തുനിര്‍ത്തണമെന്ന് വേദങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിമര്‍ശകര്‍ നിങ്ങളുടെ അടുത്ത കൂട്ടാളികളായിരിക്കണം. കാരണം യഥാര്‍ഥ വിമര്‍ശനത്തിലൂടെ നിങ്ങള്‍ക്ക് വേഗത്തില്‍ മെച്ചപ്പെടാനും മികച്ച ഉള്‍ക്കാഴ്ചകളോടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനും കഴിയും-മോദി പറഞ്ഞു.