ഫാ. സേവ്യർ വടക്കേക്കര ഓർമയായി; മൃതദേഹം എയിംസിനു കൈമാറി
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി: അന്തരിച്ച പ്രമുഖ പ്രസാധകനും പത്രപ്രവർത്തകനും കപ്പൂച്ചിൻ സന്യാസ വൈദികനുമായിരുന്ന ഫാ. സേവ്യർ വടക്കേക്കരയുടെ ഭൗതികദേഹം പ്രാർഥനകൾക്കുശേഷം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു കൈമാറി. മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി മൃതദേഹം നൽകണമെന്ന അദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിനടുത്ത് മസൂറി ദാസ്ന ക്രിസ്തുരാജ പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന സംസ്കാരശുശ്രൂഷകൾക്ക് മീററ്റ് ബിഷപ് ഡോ. ബാസ്കർ യേശുരാജ് നേതൃത്വം നൽകി. ഉത്തരേന്ത്യയിൽനിന്നും കേരളത്തിൽനിന്നുമെത്തിയ നിരവധി വൈദികരും സന്യാസിനിമാരും അല്മായരും അടക്കമുള്ള വലിയ ജനാവലിയെ ഉത്തരേന്ത്യയിലെ കപ്പൂച്ചിൻ സഭയുടെ ക്രിസ്തുരാജ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. റാഫി സ്വാഗതം ചെയ്തു. ഫാ. സേവ്യറിന്റെ ജീവചരിത്രവും സംഭാവനകളും ഇന്ത്യൻ കറന്റ്സ് മുൻ ചീഫ് എഡിറ്റർ ഫാ. സുരേഷ് മാത്യു വായിച്ചു.
ഫാ. സേവ്യറിന്റെ സഹോദരൻ റവ. ഡോ. ബെനഡിക്ട് വടക്കേക്കര, സഹോദരി സിസ്റ്റർ അൽഫോൻസ് എന്നിവരടക്കമുള്ള ബന്ധുക്കളും മുതിർന്ന പത്രപ്രവർത്തകർ, സാമൂഹ്യ -സാംസ്കാരിക നായകർ അടക്കം ഒട്ടേറെപ്പേർ അന്ത്യകർമങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കാളികളായി.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രാർഥന നടത്തി. ദീപികയ്ക്കുവേണ്ടി നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ദാസ്നയിലെ പള്ളിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു.