ലഷ്കർ കമാൻഡർ അബു ഖത്തൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു
Monday, March 17, 2025 4:27 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായി ഉന്നത ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അബു ഖത്തൽ(43) പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പാക് പഞ്ചാബിലെ ഝലം മേഖലയിലാണ് ഖത്തലും സുരക്ഷാ ഗാർഡും വെടിയേറ്റു കൊല്ലപ്പെട്ടത്.
ലഷ്കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സയീദിന്റെ ഉറ്റ അനുയായി ആയിരുന്നു ഖത്തൽ. ജമ്മു കാഷ്മീരിലെ പൂഞ്ച്-രജൗരി മേഖലകളിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഖത്തലിനു പങ്കുണ്ടായിരുന്നു. 2000ൽ ജമ്മു മേഖലയിലേക്കു നുഴഞ്ഞുകയറിയ ഖത്തൽ 2005ൽ പാക്കിസ്ഥാനിലേക്കു കടന്നു. പൂഞ്ച്, രജൗരി മേഖലകളിലെ ഭീകരരുടെ സഹായികളുമായി ഖത്തലിനു ബന്ധമുണ്ടായിരുന്നു.
2023 ജനുവരി ഒന്നിന് രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണക്കേസിൽ ഖത്തലിനെതിരേ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഏഴു പേരായിരുന്നു ധാൻഗ്രി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024 ജൂൺ ഒന്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാദിനത്തിൽ റിയാസിയിൽ നടന്ന ബസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഖത്തൽ ആയിരുന്നു. ഒന്പത് തീർഥാടകരാണ് അന്ന് കൊല്ലപ്പെട്ടത്.
2023 ഏപ്രിൽ 20നു ഭട്ട-ദുരിയാനിലും 2023 മേയ് അഞ്ചിന് കാന്ദിയിലും നടന്ന ഭീകരാക്രമണങ്ങളിൽ അബു ഖത്തലിനു പങ്കുണ്ടായിരുന്നു. രണ്ട് ആക്രമണങ്ങളിലും അഞ്ച് വീതം സൈനികർ കൊല്ലപ്പെട്ടു.