ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയേറെ: മോദി
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റും സുഹൃത്തുമായ ഡൊണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപ് ആദ്യതവണ പ്രസിഡന്റായിരുന്ന ഘട്ടത്തിൽ യോജിച്ചു പ്രവർത്തിച്ചത് ഊഷ്ളമായ ഓർമകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സന്ദർശനവും ഉറ്റുനോക്കുന്നതായി യാത്ര പുറപ്പെടും മുന്‍പ് മോദി പറഞ്ഞു.
ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണു യാത്രതിരിച്ചത്. ഫ്രാന്‍സില്‍ എഐ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ഉച്ചകോടിയിൽ മോദി അധ്യക്ഷത വഹിക്കുകയും ചെയ്യും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ചൈനീസ് ഉപപ്രധാനമന്ത്രി ഡിംഗ് സൂക്സിയാംഗ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കുശേഷം മാക്രോണുമായും മോദി കൂടിക്കാഴ്ച നടത്തും.
ഇതിനുശേഷം പ്രധാനമന്ത്രി യുഎസിലേക്കു തിരിക്കും. 12,13 തീയതികളിലാണ് യുഎസ് സന്ദര്‍ശനം. രാജ്യത്തെ സന്പദ്ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്ന ഐഎംഇസി സാമ്പത്തിക ഇടനാഴി സംബന്ധിച്ച് നിർണായക തീരുമാനം കൂടിക്കാഴ്ചയിൽ ഉണ്ടാകും. പ്രതിരോധ സഹകരണം, സാമ്പത്തിക സഹകരണം എന്നിവയും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ ഇടംപിടിച്ചേക്കും.