മണിപ്പുർ രാഷ്ട്രപതിഭരണത്തിലേക്ക്
ജോർജ് കള്ളിവയലിൽ
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: മണിപ്പുരിലെ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്നു രാത്രിയോടെ സമവായമുണ്ടായില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കം. ഭരണകക്ഷിയിൽ തന്നെയുള്ള എതിർപ്പും അവിശ്വാസപ്രമേയത്തിനുള്ള കോണ്ഗ്രസ് നീക്കം വിജയിക്കാനുള്ള സാധ്യതയും ജനരോഷവും കണക്കിലെടുത്ത് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചെങ്കിലും പകരം മുഖ്യമന്ത്രിയെ നിർദേശിക്കാൻ ഇന്നലെയും ബിജെപിക്കായില്ല. ക്രമസമാധാന പ്രശ്നങ്ങൾക്കു പുറമെയാണു മണിപ്പുരിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ.
ഇതിനിടെ, നാളെ ചേരാനായില്ലെങ്കിൽ മണിപ്പുർ നിയമസഭ പിരിച്ചുവിടേണ്ട സാങ്കേതിക പ്രശ്നമുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. 2024 ഓഗസ്റ്റ് 12നാണ് കഴിഞ്ഞ നിയമസഭാസമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞത്. ഒരു വർഷത്തിനകം വീണ്ടും സഭ സമ്മേളിക്കണമെന്നതാണു ചട്ടം. ചട്ടപ്രകാരം നാളെ വീണ്ടും സമ്മേളിച്ചില്ലെങ്കിൽ നിയമസഭ പിരിച്ചുവിടേണ്ടതുണ്ട്. ഇതൊഴിവാക്കാൻ നിയമസഭാസമ്മേളനം ഏതാനും ദിവസത്തേക്കെങ്കിലും നാളെ ചേരാനും ആലോചനയുണ്ട്.
ബിരേൻ സിംഗിന്റെ പിൻഗാമിയുടെ കാര്യത്തിൽ സമവായമുണ്ടാക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഇല്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരും. പാർലമെന്റ് സമ്മേളനത്തിനുശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യതയും കേന്ദ്രം ആരായുന്നുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 356 അനുസരിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ രണ്ടു മാസത്തികം പാർലമെന്റിന്റെ അംഗീകാരം നേടണമെന്നാണു ചട്ടം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വ്യാഴാഴ്ച പിരിയുമെങ്കിലും മാർച്ച് പത്തിന് വീണ്ടും തുടങ്ങും.
നിലവിലെ സാഹചര്യത്തിൽ പൊതുസ്വീകാര്യനായ മുഖ്യമന്ത്രിയെ കണ്ടെത്തുക ദുഷ്കരമാണെന്ന് ബിജെപി നേതൃത്വത്തിനു ബോധ്യമുണ്ട്. എന്നാൽ, തിരക്കിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും താത്പര്യമില്ല. ബിരേൻ സിംഗിന്റെ രാജി സ്വീകരിച്ചെങ്കിലും പകരം സംവിധാനം ഉണ്ടാകുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാനാണ് അദ്ദേഹത്തോടു ഗവർണർ നിർദേശിച്ചത്. മെയ്തെയ് നിയന്ത്രണത്തിലുള്ള മന്ത്രിസഭ പിരിച്ചുവിട്ട് മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നതാണു കുക്കി വിഭാഗത്തിന്റെ പ്രധാന ആവശ്യം.
മുഖ്യമന്ത്രിയാകാൻ നാലു പേരുകൾ
നഗരവികസന മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ഊർജ-വനം മന്ത്രി ബിശ്വജിത് സിംഗ്, സ്പീക്കർ ടി. സത്യബ്രത സിംഗ്, ടി. രാധേശ്യാം സിംഗ് എംഎൽഎ തുടങ്ങിയ പേരുകളാണ് അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാനായി ഉയർന്നത്. തനിക്കെതിരേ നിലപാടെടുത്തിട്ടുള്ള ഖംചേന്ദ്, രാധേശ്യാം എന്നിവരെ പിൻഗാമിയാക്കാനുള്ള നീക്കത്തിൽ ബിരേൻ സിംഗ് നീരസം അറിയിച്ചിട്ടുണ്ട്.
ഭരണപക്ഷ എംഎൽഎമാരിൽ പലർക്കും പരിഗണിക്കുന്ന പേരുകളോടു താത്പര്യമില്ല.
കക്ഷിനില
ആകെ സീറ്റ് 60
ഭരണപക്ഷം : 46
ബിജെപി : 37
(7 കുക്കികൾ)
എൻപിഎഫ് : 5
സ്വതന്ത്രർ : 3
ജെഡി-യു : 1
(പിന്തുണ പിൻവലിച്ചു)
പ്രതിപക്ഷം : 12
കോണ്ഗ്രസ് : 5
എൻപിപി : 5
കെപിഎ : 2
ഒഴിവ് : 1