ബ്രൂവറിയിൽ സിപിഐയുടെ വെട്ട്
Saturday, February 8, 2025 1:41 AM IST
പാലക്കാട്: നിര്‍ദിഷ്ട ബ്രൂവറി വിഷയത്തില്‍ സിപിഎമ്മിനു സിപിഐയുടെ പിന്വെട്ട്. അനുകൂലനിലപാട് ഇതുവരെയും പരസ്യമായി പ്രഖ്യാപിക്കാത്ത സിപിഐ ഭരിക്കുന്ന റവന്യു വകുപ്പിന്റെ പുതിയ നടപടിയാണ് ഇതിലേക്കു വിരല്‍ചൂണ്ടുന്നത്. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്കായി ഒയാസിസ് കമ്പനി നല്കിയ ഭൂമിതരംമാറ്റ അപേക്ഷ റവന്യു വകുപ്പ് തള്ളി. പാലക്കാട് ആര്‍ഡിഒ ആണ് അപേക്ഷ തള്ളിയത്.
എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി തരം മാറ്റാനുള്ള അപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്നും ഇവിടെ കൃഷി ചെയ്യണമെന്നും ആര്‍ഡിഒയുടെ ഉത്തരവിൽ പറയുന്നു. അനധികൃതനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നടപടിയെടുക്കണമെന്നും ആർഡിഒ നിര്‍ദേശിച്ചിട്ടുമുണ്ട്.
എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയിരുന്നത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണു ഭൂവിനിയോഗനിയമത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കന്പനി രംഗത്തു വന്നത്.
എലപ്പുള്ളി ബ്രൂവറി പദ്ധതിയോട് അനുകൂല നിലപാടല്ല സിപിഐക്ക്. എന്നാല്‍ ഇതു പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നുവെന്നാണു വിവരം.
ഇതുമായി ബന്ധപ്പെട്ട് രണ്ടു മന്ത്രിമാരോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. റവന്യു മന്ത്രി കെ. രാജനും കൃഷിമന്ത്രി പി. പ്രസാദും പദ്ധതിയെക്കുറിച്ച് പഠിക്കണമെന്നായിരുന്നു നിര്‍ദേശം.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഐ നിലപാട് സ്വീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആര്‍ഡിഒയുടെ ഉത്തരവിനുപിന്നാലെ വിശദീകരണവുമായി ഒയാസിസ് കമ്പനി രംഗത്തെത്തി. കൃഷിസ്ഥലം ഒഴിവാക്കിയാണു പ്ലാന്റിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചത്. കൃഷിസ്ഥലത്തു യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടത്തില്ല. മദ്യനിര്‍മാണ പ്ലാന്റില്‍നിന്നു കമ്പനി പിന്നോട്ടില്ല.
റവന്യു വകുപ്പിന്റെ നടപടി മദ്യനിര്‍മാണശാല പ്ലാന്റിനെ ബാധിക്കില്ല. 25 ഏക്കര്‍ കൈവശമുണ്ട്.
പദ്ധതിക്കായി 15 ഏക്കര്‍ മതിയാകും. കൃഷിഭൂമിയില്‍ ഒരു തരംമാറ്റവും നടത്തില്ലെന്നും ഒയാസിസ് കമ്പനി വ്യക്തമാക്കി.