മണിപ്പുർ മുഖ്യമന്ത്രി രാജിവച്ചു
Monday, February 10, 2025 1:27 AM IST
ഇംഫാല്‍: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചു. സംസ്ഥാനത്ത് രണ്ടുവർഷമായി തുടരുന്ന കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബിജെപിയിലെ കുക്കി വിഭാഗക്കാരായ എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബജറ്റ് സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. ഭരണകക്ഷിയിൽനിന്നുപോലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.
ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ലയ്ക്കു മുഖ്യമന്ത്രി രാജിക്കത്ത് കൈമാറി. ബിജെപിയിലെയും സഖ്യകക്ഷിയായ എൻപിഎഫിലെയും 14 എംഎൽഎമാരും ബിജെപി സംസ്ഥാന അധ്യക്ഷ. എ. ശാരദ ദേവി, മുതിർന്ന നേതാവ് സംബിത് പാത്ര എന്നിവരും ഒപ്പമുണ്ടായിരുന്നു.
![](/Newsimages/Biren_Singh4_2025feb10.jpg)
രാവിലെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി ബിരേൻ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച ഭരണകക്ഷിയിലെ എംഎൽഎമാരുമായി നടത്തിയ ആശയവിനിമയത്തിന്റെ തുടർച്ചയായിരുന്നു ഇത്. പന്ത്രണ്ട് ബിജെപി എംഎല്‍എമാരാണു നേതൃമാറ്റം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.
ആറ് എംഎൽഎമാർ ഏതു സമയവും സർക്കാരിനെ എതിർത്തേക്കാമെന്ന നിലപാടിലുമാണ്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയും സ്പീക്കറും തമ്മിലുള്ള ശീതസമരം. ഇതോടൊപ്പം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെ മണിപ്പുരിൽനിന്ന് പ്രതികൂല വാർത്ത വേണ്ടെന്ന വികാരം ബിജെപി കേന്ദ്രനേതൃത്വം പ്രകടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ബിരേൻ സിംഗിന്റെ രാജിയിലേക്കു നയിച്ചു.
രണ്ടുവർഷമായി കലാപം തുടരുന്പോഴും കൈയുംകെട്ടി നോക്കി നിൽക്കുകയാണ് സർക്കാരെന്ന് കുറ്റപ്പെടുത്തിയാണ് അവിശ്വാസപ്രമേയത്തിന് കോൺഗ്രസ് തീരുമാനിച്ചത്. അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര കഴിഞ്ഞദിവസമാണു പ്രഖ്യാപിച്ചത്.
60 അംഗ സഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 37 സീറ്റുകളുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (6) കോണ്‍ഗ്രസ് (5) നാഗ പീപ്പിള്‍സ് ഫ്രണ്ട് (5) കുക്കി പീപ്പിള്‍സ് സഖ്യം (2) ജനതാദള്‍-യു (1) എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ അംഗബലം. മൂന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ട്.
സംസ്ഥാനം രാഷ്ട്രപതിഭരണത്തിലേക്ക്?
മുഖ്യമന്ത്രിയുടെ രാജിയെത്തുടര്‍ന്ന് നിയമസഭ മരവിപ്പിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചേക്കുമെന്നും സൂചനകളുണ്ട്. ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയില്‍ എത്തി കൂടിയാലോചനകൾക്കു ശേഷമായിരിക്കും ഔദ്യോഗികവിശദീകരണം.