എൻജിനിയർ റാഷിദിന് പരോൾ
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽനിന്നുള്ള എംപി എൻജിനിയർ റാഷിദിന് പാർലമെന്റ് സമ്മേളനത്തിൽ പങ്കടുക്കാൻ പരോൾ അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഫോണോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കരുത്, ആരുമായും ഇടപഴകുകയോ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയോ അരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെ ഇന്നും നാളെയുമായി രണ്ടു ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്.
നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമ (യുഎപിഎ) പ്രകാരം 2019 ലാണ് റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ജമ്മു കാഷ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകി, പാക് ഭീകരനേതാവ് ഹഫീസ് സയീദുമായി ബന്ധം പുലർത്തി തുടങ്ങിയവയുടെ പേരിലാണു റാഷിദിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.