അഴിമതിക്കെതിരേ ചൂലെടുത്തു, അഴിമതിയിൽ തട്ടി വീണു
സ്വന്തം ലേഖകൻ
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: അഴിമതിക്കെതിരേ ചൂലെടുത്തെങ്കിലും അഴിമതിയിൽ കുളിച്ചു മടങ്ങുകയാണ് ആം ആദ്മി പാർട്ടി. സ്ഥിരം രാഷ്ട്രീയനാടകങ്ങൾ കണ്ടു മടുത്ത ഡൽഹി ജനതയ്ക്കു മുന്നിൽ 2012ലാണ് കേജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അവതരിക്കുന്നത്.
അഴിമതിവിരുദ്ധ ഭരണമായിരുന്നു പാർട്ടിയുടെ മുദ്രാവാക്യം. 15 വർഷം ഡൽഹി ഭരിച്ച വൻമരം ഷീല ദീക്ഷിതിന്റെ കസേര തെറിപ്പിക്കാൻ കേജരിവാളിന്റെ സൗജന്യ വാഗ്ദാനങ്ങളും അഴിമതിവിരുദ്ധ മുദ്രാവാക്യങ്ങളും സാധാരണക്കാരൻ എന്ന് തോന്നിപ്പിക്കുന്ന ശൈലിയും ധാരാളമായിരുന്നു. യുപിഎ സർക്കാർ അവസാന നാളുകളിൽ നേരിട്ട അഴിമതി ആരോപണങ്ങൾ ബിജെപിക്കൊപ്പം ഗുണം ചെയ്തത് ആം ആദ്മിക്കുകൂടെയായിരുന്നു.
രാജ്യതലസ്ഥാനത്ത് ചുവടുറപ്പിക്കാൻ ഈ ആരോപണങ്ങൾ കേജരിവാളിന് ഒരു പരിധിവരെ ഗുണം ചെയ്തു. 2011 ൽ രാംലീല മൈതാനം സാക്ഷ്യം വഹിച്ച അഴിമതി വിരുദ്ധ മുന്നേറ്റം"അണ്ണാ ആന്തോളൻ’ കേജരിവാളിന്റെയും പിന്നീട് ആം ആദ്മി പാർട്ടിയുടെയും ചുവട് ഡൽഹിയിലും ദേശീയ രാഷ്ട്രീയത്തിലും ഉറപ്പിക്കുകയായിരുന്നു.
2012ൽ അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ, പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സാധാരണക്കാരുടെ പാർട്ടി എന്ന പേരിൽ ആം ആദ്മി പാർട്ടി രൂപീകരിച്ചു.
പാർട്ടി രൂപീകരിച്ച് ഒരു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 70ൽ 28 സീറ്റുകൾ നേടി പാർട്ടി ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ വരവ് അറിയിച്ചു. ഡൽഹിയിൽ 15 വർഷത്തെ ഭരണചരിത്രം പറയാനുണ്ടായിരുന്ന കോണ്‍ഗ്രസിന് എട്ട് സീറ്റുകൾ മാത്രമാണ് 2013ലെ തെരഞ്ഞെടുപ്പിൽ നേടാനായത്. ഹർഷ്വർധന്റെ നേതൃത്വത്തിൽ 31 സീറ്റുകൾ ബിജെപിക്ക് നേടാൻ സാധിച്ചു.
ഒരിക്കലും കോണ്‍ഗ്രസിന്റെ പിന്തുണ നേടില്ലെന്ന് വ്യക്തമാക്കിയിരുന്ന കേജരിവാൾ 2013 കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആദ്യമായി ഡൽഹി മുഖ്യമന്ത്രി പദം അലങ്കരിച്ചു. എന്നാൽ, 49 ദിവസത്തിനുള്ളിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞു. ഡൽഹിയിൽ ജനലോക്പാൽ ബിൽ നടപ്പാക്കുന്നതിന് പിന്തുണ സമാഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പിന്നീട് 2015 ഫെബ്രുവരി വരെ രാഷ്ട്രപതി ഭരണത്തിനു കീഴിലായിരുന്നു രാജ്യ തലസ്ഥാനം.
2015ൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ ബിജെപി മുന്നിൽ നിർത്തിയെങ്കിലും കേജരിവാൾ ഡൽഹി തൂത്തുവാരി അധികാരത്തിലെത്തി. 70ൽ 67 സീറ്റുകളെന്ന വൻ നേട്ടമാണ് 2015ൽ ആം ആദ്മി നേടിയത്. യുപിഎ സർക്കാരിനെ താഴെയിറക്കാൻ 2011ൽ ആർഎസ്എസ് കെട്ടിയിറക്കിയ കേജരിവാൾ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കുതന്നെ വെല്ലുവിളി ഉയർത്തുന്നതാണ് പിന്നീടു കണ്ടത്.
2020ൽ വീണ്ടും ദേശീയ തലസ്ഥാനം കേജരിവാൾ കൈപ്പിടിയിലൊതുക്കി. ഇതിനിടയിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച ആം ആദ്മി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറി.
എന്നാൽ കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിനൊപ്പംനിന്ന കേജരിവാളിന് കാര്യമായി ഒന്നും നേടാനായില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന സ്ഥിതിയായിരുന്നു എഎപിക്ക്.
സൗജന്യ വാഗ്ദാനങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും ഡൽഹി ജനതയ്ക്കുമുന്നിൽ വോട്ട് തേടുന്പോൾ അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞ മുഖ്യമന്ത്രി എന്ന കറ കേജരിവാളിന്റെ രാഷ്ട്രീയ കുപ്പായത്തിൽ പതിഞ്ഞിരുന്നു. ഇതിനു പുറമെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ കോടികൾ മുടക്കി, സൗജന്യ വാഗ്ദാനങ്ങൾ നൽകിയിട്ടും വികസനത്തിന്റെ അടുത്ത തലത്തിലേക്ക് രാജ്യതലസ്ഥാനത്തെ നയിക്കാൻ സാധിച്ചില്ല തുടങ്ങിയ ആരോപണങ്ങളെല്ലാം കേജരിവാളിന്റെ പരാജയത്തിന് വഴിയൊരുക്കി.
ഡൽഹിയിൽ ചുവട് തെറ്റിയതോടെ കുറഞ്ഞ കാലംകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച കേജരിവാളിന്റെ രാഷ്ട്രീയഭാവി ഇനി വരും നാളുകളിൽ കണ്ടറിയാം.