ബിരേന്‍ സിംഗിന്റെ രാജി പ്രതീക്ഷ!
ജോര്‍ജ് കള്ളിവയലില്‍
Monday, February 10, 2025 1:17 AM IST
ഗതികെട്ട്, വഴിമുട്ടി, തലകുനിച്ചു പുറത്തേക്ക്. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ രാജി വൈകിയതിലേ അതിശയിക്കാനുള്ളൂ. രണ്ടു വര്‍ത്തോളമായി തുടരുന്ന മെയ്തെയ്-കുക്കി കലാപത്തിന്റെ കാരണക്കാരിലൊരാള്‍ കൂടിയായി കരുതപ്പെടുന്ന ബിരേന്‍ സിംഗ് ഇന്നലെ മണിപ്പുര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്കു രാജി കൈമാറിയതു മറ്റു വഴികളൊന്നുമില്ലാതെയാണ്. ഒന്നര വര്‍ഷം മുമ്പെങ്കിലും നടക്കേണ്ടിയിരുന്ന രാജി.
സ്വന്തം സംസ്ഥാനത്തെ മുഴുവന്‍ ജനതയെയും ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി സ്വന്തം ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളുടെ വംശീയവും വര്‍ഗീയവുമായ താത്പര്യങ്ങള്‍ക്കുവേണ്ടി തികച്ചും പക്ഷപാതപരമായി ഭരിച്ചുവെന്നതാണു ബിരേനെതിരേയുള്ള പ്രധാന ആക്ഷേപം. 250ലേറെ പേരുടെ മരണത്തിനും 60,000ത്തിലേറെ പേരുടെ പലായനത്തിനും വഴിതെളിച്ച 2023 മേയ് മൂന്നിനു തുടങ്ങിയ മണിപ്പുര്‍ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമെങ്കിലും ഏറ്റെടുത്ത് വളരെ മുമ്പേ ഒഴിയേണ്ടിയിരുന്നയാളാണു ബിരേന്‍.
ചോരക്കറ വീണ കസേര
സ്വന്തം ജനതയുടെ ചോരക്കറ വീണ കസേരയില്‍ ഉളുപ്പും നാണവും ധാര്‍മികതയുമില്ലാതെ 21 മാസക്കാലം അള്ളിപ്പിടിച്ചിരുന്ന വ്യക്തിയെന്നാകും ബിരേന്‍ സിംഗിനെ ചരിത്രം വിലയിരുത്തുക. മെയ്തെയ് കലാപകാരികളായ ജനക്കൂട്ടം ഒരു യുവതി അടക്കം രണ്ടു സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി തെരുവിലൂടെ പരേഡ് ചെയ്യിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്ത ഒറ്റ സംഭവത്തിന്റെ പേരില്‍ ഒരുനിമിഷം പാഴാക്കാതെ മുഖ്യമന്ത്രി കസേര ഒഴിയേണ്ടതായിരുന്നു ബിരേന്‍.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ തലയറത്തതും കൂട്ടക്കൊലകളും കൂട്ടമാനഭംഗങ്ങളും കണ്ട മണിപ്പുരിലെ അക്രമങ്ങളുടെ പേരില്‍ ലോകരാജ്യങ്ങളും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള ആഗോള സംഘടനകളും ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിയും എംഎല്‍എമാരുമടക്കം നിരപരാധികള്‍ ക്രൂരമായ അക്രമങ്ങള്‍ക്കിരയായി. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ 250ലേറെ പള്ളികളും ഒരു ഡസനില്‍ താഴെ ഹൈന്ദവ ക്ഷേത്രങ്ങളും കലാപകാരികള്‍ തകര്‍ത്തു തീയിടുകയും ചെയ്തു.
എന്നാല്‍, കുറ്റക്കാരനാണെന്നു ബോധ്യപ്പെട്ടിട്ടും ബിരേന്‍ മന്ത്രിസഭയിലെ മന്ത്രിമാരും ബിജെപി എംഎല്‍എമാരും പരസ്യമായി എതിര്‍ത്തിട്ടും മുഖ്യമന്ത്രിയെ മാറ്റാന്‍ കേന്ദ്ര നേതൃത്വം തയാറായില്ല. കേന്ദ്രത്തില്‍ മറ്റേതൊരു പ്രധാനമന്ത്രിയോ സര്‍ക്കാരോ ആയിരുന്നെങ്കില്‍ എത്രയോ മുമ്പേ രാജിയാവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്യേണ്ട ഭരണാധികാരിയാണു ബിരേന്‍ സിംഗ്.
ഗതികെട്ട് നിര്‍ബന്ധ രാജി
മണിപ്പുര്‍ നിയമസഭയുടെ ഇന്നു തുടങ്ങുന്ന സമ്മേളനത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിനു മുന്നോടിയായാണു രാജി. മണിപ്പുര്‍ കലാപത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കു വ്യക്തമാക്കിയ ഓഡിയോ ടേപ്പിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടതും ബിരേനു തിരിച്ചടിയായി. ഡല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ചതോടെ ബിരേനു മറ്റു മാര്‍ഗങ്ങളില്ലാതെയായി.
ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിലായിരുന്നു ശനിയാഴ്ച ബിരേന്‍ സിംഗ് ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കുംഭമേളയ്ക്കായി പ്രയാഗ്രാജിലെത്തി ഗംഗാനദിയില്‍ സ്നാനം നടത്തിയിരുന്നു. മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ മടങ്ങിയെത്തിയെങ്കിലും ഒരു ദിവസത്തിനു ശേഷം വീണ്ടും ഡല്‍ഹിക്കു പറക്കേണ്ടിവന്നു. ബിജെപി കേന്ദ്രനേതൃത്വം വിളിച്ചുവരുത്തി രാജിയാവശ്യപ്പെടുകയായിരുന്നുവെന്നാണു മണിപ്പുരിലെ മാധ്യമസുഹൃത്ത് ഇന്നലെ ലേഖകനോടു പറഞ്ഞത്.
എംഎല്‍എമാരും കൈവിട്ടു
ഡല്‍ഹിയില്‍നിന്ന് ശനിയാഴ്ച ഇംഫാലില്‍ തിരിച്ചെത്തിയ ഉടനെ ഭരണകക്ഷി എംഎല്‍എമാരുടെ യോഗം ബിരേന്‍ വിളിച്ചു. 60 അംഗ നിയമസഭയില്‍ സാങ്കേതികമായി 43 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും മുഖ്യമന്ത്രിയോടു വിയോജിപ്പുള്ളവരാണെന്നത് അത്ര രഹസ്യമായിരുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വിളിച്ച അവസാന യോഗത്തില്‍ ഇരുപതോളം എംഎല്‍എമാര്‍ മാത്രമേ പങ്കെടുത്തുള്ളൂവെന്നാണു റിപ്പോര്‍ട്ടുകള്‍.
നിയമസഭയില്‍ അവിശ്വാസപ്രമേയം പരാജയപ്പെടുത്താനാകില്ലെന്ന് എംഎല്‍എമാരുടെ യോഗത്തിനുമുമ്പേ തന്നെ മുഖ്യമന്ത്രിക്ക് തീര്‍ച്ചയായിരുന്നു. കുക്കികളായ മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കം ബിജെപിക്കാര്‍ തന്നെ ബിരേന്‍ സിംഗിനെതിരായ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നതില് ആര്‍ക്കും സംശയമില്ലായിരുന്നു. രാജിയല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നും ബിജെപിയുടെ സംസ്ഥാനത്തെ ചുമതലക്കാരനായ സംബിത് പത്രയ്ക്കും ബോധ്യമായി. ബിജെപിക്ക് 37, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് (എന്‍പിഎഫ്) അഞ്ച്, ജെഡിയുവിന് ഒന്ന് വീതം എംഎല്‍എമാരാണുള്ളത്. ഇതില്‍ ജെഡി യു എംഎല്‍എ നേരത്തേതന്നെ ബിരേനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
മണിപ്പുര്‍ രാജ്ഭവനിലെത്തി ഇന്നലെ വൈകുന്നേരം രാജിക്കത്ത് കൈമാറുമ്പോള്‍ ബിജെപിയുടെയും എന്‍പിഎഫിന്റെയും 14 എംഎല്‍എമാര്‍ മാത്രമാണു മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ, കേന്ദ്രപ്രതിനിധി സംബിത് പത്ര എന്നിവരും രാജ്ഭവനിലെത്തിയ സംഘത്തിലുണ്ടായിരുന്നു.
സുപ്രീംകോടതിയും പിടികൂടി
മണിപ്പുര്‍ കലാപത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനു പങ്കുള്ളതായി സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെതന്നെ ഓഡിയോ ക്ലിപ്പും മുഖ്യമന്ത്രിയുടെ പങ്ക് വെളിവാക്കുന്ന മൊഴികള്‍ രേഖപ്പെടുത്തിയ ചില ഓഡിയോ ടേപ്പുകളും പുറത്തുവന്നതും ബിരേന്റെ മുഖം വികൃതമാക്കിയിരുന്നു. വിവാദ ഓഡിയോ ടേപ്പുകളിലെ ശബ്ദം ബിരേന്‍ സിംഗിന്റേതാണോയെന്നു സ്ഥിരീകരിക്കുന്ന ദേശീയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ (സിഎഫ്എസ്എല്‍) പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കഴിഞ്ഞ തിങ്കളാഴ്ചയാണു സുപ്രീംകോടതി ഉത്തരവിട്ടത്.
കുക്കി സംഘടനകളുടെ പരാതിയിന്മേലാണു സീല്‍ ചെയ്ത കവര്‍ റിപ്പോര്‍ട്ട് നല്കാന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന മാര്‍ച്ച് 24ന് ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മണിപ്പുര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.
സ്വകാര്യ ലബോറട്ടറിയിലെ പരിശോധനയില്‍ ഓഡിയോ ക്ലിപ്പിലെ ശബ്ദം ബിരേന്റേതാണെന്നു കണ്ടെത്തിയെന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കോടതിയില്‍ പറഞ്ഞു. സിഎഫ്എസ്എല്ലിനേക്കാള് വൈദഗ്ധ്യവും വിശ്വാസ്യതയുമുള്ള ‘ട്രൂത്ത് ലാബ്’ ആണ് ഓഡിയോ ടേപ്പുകള്‍ പരിശോധിച്ചതെന്നും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ശബ്ദരേഖ വളരെ ഗൗരവമുള്ളതാണെന്നും പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടിയതും ബിരേന്‍ സിംഗിനു കനത്ത പ്രഹരമായി.
21 മാസം കഴിഞ്ഞും ശമനമില്ല
ഇരുപത്തൊന്നു മാസമായി തുടരുന്ന മണിപ്പുര്‍ സംഘര്‍ഷത്തിന് ഇന്നലെയും ശമനമില്ലായിരുന്നു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെയും (ഐആര്‍ബി) മണിപ്പുര്‍ റൈഫിള്‍സിന്റെയും സംയുക്ത പോസ്റ്റ് അക്രമികള്‍ ഇന്നലെയും കൊള്ളയടിച്ചുവെന്നതു ക്രമസമാധാന തകര്‍ച്ചയുടെ പുതിയ നേര്‍സാക്ഷ്യമായി. സൈനിക, പോലീസ് ക്യാമ്പുകള്‍ കലാപകാരികള്‍ കൊള്ളയടിച്ച എത്രയോ സംഭവങ്ങളാണു മണിപ്പുരില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തത്.
മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയശേഷം സൈനിക, പോലീസ് ആയുധപ്പുരകളില്‍നിന്നും ക്യാമ്പുകളില്‍നിന്നും കൊള്ളയടിക്കപ്പെട്ട ആറായിരത്തിലേറെ ആയുധങ്ങളില്‍ 2,681 എണ്ണം മാത്രമേ കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെ വീണ്ടെടുക്കനായിരുന്നുള്ളൂ. ഇവയില്‍ ചിലതെങ്കിലും അക്രമികള്‍ സ്വമേധയാ തിരിച്ചുനല്‍കിയതാണ്. മണിപ്പുരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയ കണക്കാണിത്.
പക്ഷംപിടിച്ച സര്‍ക്കാര്‍, പോലീസ്
മണിപ്പുരിലെ അക്രമങ്ങളില്‍ സര്‍ക്കാരും പോലീസും സായുധസേനകളും പക്ഷപാതപരമായി പ്രവര്‍ത്തിച്ചതാണു കുക്കി ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ രോഷം ആളിക്കത്തിച്ചത്. കുക്കി, നാഗ തുടങ്ങിയ മലയോരങ്ങളിലെ ഗോത്രജനതയ്ക്കുള്ള പട്ടികവര്‍ഗ സംവരണം ആവശ്യപ്പെട്ട് മെയ്തെയ്കള്‍ തുടങ്ങിയ പ്രചാരണവും ഹൈക്കോടതിയുടെ ഏകപക്ഷീയ നടപടിയുമാണു 2023 മേയ് മൂന്നിന് അക്രമങ്ങള്‍ക്കു നാന്ദിയായത്. ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തെയ്കള്‍ ഗോത്രജനതയിലെ 16 ശതമാനം വരുന്ന കുക്കികളെ മാത്രം ലക്ഷ്യമിട്ടതും സംശയാസ്പദമായി.
സംസ്ഥാന ഭരണവും വികസനം കേന്ദ്രീകരിച്ച താഴ്വാരങ്ങൾ നിയന്ത്രിക്കുന്ന ഭൂരിപക്ഷ മെയ്തെയ്കള്ക്കുകൂടി പട്ടികവര്‍ഗ സംവരണം നല്കിയാല് നിലവിലെ ഗോത്രജനതകളുടെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്നതായിരുന്നു കുക്കികളുടെ ഭയം. ഒപ്പം നൂറ്റാണ്ടുകളായി തങ്ങള്‍ അധിവസിക്കുന്ന മലയോര പ്രദേശത്തെ ഭൂമിയില്‍ മെയ്തെയ്കള്ക്ക് അവകാശം നല്‍കുന്നതിനെയും ഗോത്രവര്‍ഗം ഭയന്നു.
പട്ടികജാതി സംവരണമുള്ള മെയ്തെയ്കള്ക്കാകട്ടെ പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാമെന്നു ബിരേന്‍ സിംഗ് സര്‍ക്കാര്‍ മോഹിപ്പിച്ചതായും പറയുന്നു. വികസനത്തിലും സാമ്പത്തികനിലയിലും കാലങ്ങളായി തഴയപ്പെട്ടിരുന്ന ഗോത്രജനത തിരിച്ചടിക്കു ശ്രമിച്ചതോടെ കലാപം നിയന്ത്രണാതീതമായി. മ്യാന്മറില്നിന്നുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കൃഷിയും വ്യാപാരവും തടയുകയാണു ലക്ഷ്യമെന്നായിരുന്നു ബിരേന്‍ സിംഗിന്റെ പ്രചാരണം.
വരട്ടെ - നീതി, സമാധാനം, സുരക്ഷ
വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പുരില്‍ സംഘര്‍ഷങ്ങള്‍ രാജ്യസുരക്ഷ വരെ അപകടത്തിലാക്കിയിട്ടും കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന ബിരേന്‍ സിംഗിന് ചരിത്രം മാപ്പു നല്‍കാനിടയില്ല. അക്രമങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് മണിപ്പുര്‍ സന്ദര്‍ശിക്കുകയും കലാപത്തെക്കുറിച്ച് ‘മണിപ്പുര്‍ എഫ്ഐആര്‍’ എന്ന പുസ്തകം എഴുതുകയും ചെയ്ത ദീപിക ലേഖകന്‍ സമാധാനം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹമാണു ശേഷിക്കുന്നത്.
പരസ്പരം വഴക്കടിച്ച മെയ്തെയ്കളും കുക്കികളും ഉള്‍പ്പെടെയുള്ള മണിപ്പുര്‍ ജനതയ്ക്ക് ഇനിയെങ്കിലും സമാധാനവും വികസനവും ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരും കോടതികളും പൊതുസമൂഹവും കൂട്ടായി ശ്രമിക്കേണ്ടതുണ്ട്. വൈകിയാലും വിവേകം കൈവരാനും ഇരകള്‍ക്കു നീതി നടപ്പാകാനും ബിരേന്‍ സിംഗിന്റെ രാജി നാന്ദിയാകുമെന്ന് ആശിക്കാം.