ഡൽഹിയിൽ ഇന്ന് വോട്ടെണ്ണൽ
Saturday, February 8, 2025 1:41 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനം ആം ആദ്മി പാർട്ടി നിലനിർത്തുമോ, ബിജെപി പിടിച്ചെടുക്കുമോ? ഇന്നറിയാം. എക്സിറ്റ് പോളുകൾ ബിജെപിക്കനുകൂലമായിരുന്നു.
27 വർഷത്തിനുശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ അവരെ ആവേശഭരിതരാക്കുന്നു. യഥാർഥ ജനവിധിയിൽ വിശ്വാസമർപ്പിക്കുന്ന എഎപിയും ആത്മവിശ്വാസത്തിൽത്തന്നെ.
അഞ്ചു സീറ്റുകളിലെങ്കിലും തിരിച്ചുവരവാണ് കോൺഗ്രസിന്റെ പ്രതീക്ഷ. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും.സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ വിവിധ ഘട്ടമായാണ് വോട്ടെണ്ണൽ.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകൾ എണ്ണിത്തുടങ്ങും. ഉച്ച കഴിഞ്ഞ് ഒന്നോടെ അന്തിമവിജയി ആരെന്ന് അറിയാൻ കഴിയും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ വോട്ടെണ്ണൽ വിവരങ്ങൾ ലഭ്യമാകും. അന്തിമ ഫലപ്രഖ്യാപനം വൈകുന്നേരം ആറോടെ ഉണ്ടാകും. 70 അംഗങ്ങളുള്ള ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 60.42 ശതമാനമായിരുന്നു പോളിംഗ്.