ഒരുമിച്ചു മത്സരിച്ചിരുന്നെങ്കിൽ ബിജെപിയെ തോൽപ്പിക്കാമായിരുന്നു: "ഇന്ത്യ’ സഖ്യം
സ്വന്തം ലേഖകൻ
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു മുന്‍പ് സഖ്യം രൂപീകരിക്കാത്തതിൽ കോണ്‍ഗ്രസിനും ആം ആദ്മി പാർട്ടിക്കുമെതിരേ വിമർശനവുമായി "ഇന്ത്യ’ സഖ്യം നേതാക്കൾ.
കോണ്‍ഗ്രസും എഎപിയും ഒരുമിച്ചു മത്സരിച്ചിരുന്നുവെങ്കിൽ ഡൽഹിയിൽ ബിജെപിയെ തോൽപ്പിക്കാമായിരുന്നുവെന്ന് "ഇന്ത്യ’ സഖ്യത്തിലെ പ്രധാന പാർട്ടികളായ ശിവസേന (ഉദ്ധവ് താക്കറെ), നാഷണൽ കോണ്‍ഫറൻസ്, സമാജ്വാദി പാർട്ടി, സിപിഎം, സിപിഐ, മുസ്ലിം ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി.
എഎപിയുടെയും കോണ്‍ഗ്രസിന്റെയും പ്രധാന ശത്രു ബിജെപിയാണെന്നും തെരഞ്ഞെടുപ്പിൽ ഇരുക ക്ഷികളും ഒരുമിച്ചിരുന്നെങ്കിൽ വോട്ടെണ്ണി ആദ്യ മണിക്കൂറിൽതന്നെ ബിജെപിയുടെ പരാജയം ഉറപ്പാകുമായിരുന്നുവെന്നും ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടു. കുറച്ചുകൂടി തമ്മിലടിക്കുക എന്ന് സമൂഹമാധ്യമമായ എക്സിൽ കുറിച്ചാണ് നാഷണൽ കോണ്‍ഫറൻസ് നേതാവും ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ഇരുപാർട്ടികളെയും പരിഹസിച്ചത്. ബിജെപി കേജരിവാളിനെതിരേ പറയാത്തത് രാഹുൽ ഗാന്ധി പറഞ്ഞെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേ ഭാഷ സംസാരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞത്.
ഇന്ത്യ സഖ്യത്തിലെ മതേതര ജനാധിപത്യ പാർട്ടികൾ തമ്മിലുള്ള അനൈക്യമാണ് തോൽവിക്കു കാരണമെന്നായിരുന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ പ്രതികരണം. വരുന്ന ദിവസങ്ങളിൽ സഖ്യത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നു കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും ഡി. രാജ പറഞ്ഞു.
സഖ്യത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിന് കോണ്‍ഗ്രസ് മികച്ച പിന്തുണ നൽകുന്നില്ലെന്നായിരുന്നു എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ തോൽവിയോട് പ്രതികരിച്ചത്. സഖ്യത്തിലെ എല്ലാവരും ഒരുമിച്ചു നിന്നായിരുന്നുവെങ്കിൽ ഈയൊരു ഫലം ഉണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.