രാഷ്ട്രീയത്തിലെത്തുന്നതിനു മുന്പ് ബിരേൻ ഫുട്ബോളറും മാധ്യമപ്രവർത്തകനും
Monday, February 10, 2025 1:17 AM IST
രാഷ്ട്രീയത്തിലെത്തുന്നതിനു മുന്പ് ഫുട്ബോൾ കളിക്കാരനും മാധ്യമപ്രവർത്തകനുമായിരുന്നു ഇന്നലെ രാജിവച്ച മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗ്. രണ്ടു തവണയാണ് (2017, 2022) ഇദ്ദേഹം മുഖ്യമന്ത്രിയായത്. 2002ൽ ഡെമോക്രാറ്റിക് റെവലൂഷണറി പീപ്പിൾസ് പാർട്ടി (ഡിആർപിപി)യിലൂടെ ബിരേൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 2003ൽ കോൺഗ്രസിൽ ചേർന്നു.
2007ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു വിജയം. ചുരുങ്ങിയ കാലംകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ വിശ്വസ്തനായി ബിരേൻ മാറി. ഇദ്ദേഹം ജലസേചനം, യുവജനകാര്യം, ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി. 2012ൽ മൂന്നാം തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇബോബി സിംഗുമായി തെറ്റിയതോടെ മന്ത്രിസ്ഥാനം നഷ്ടമായി. കോൺഗ്രസിൽനിന്നു രാജിവച്ച ബിരേൻ 2016ൽ ബിജെപിയിൽ ചേർന്നു.
2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാനായില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയുടെ നേതാവായ ബിരേൻ സിംഗ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപവത്കരിച്ചു. ഏതാനും കോൺഗ്രസ് എംഎൽഎമാരെ ബിജെപിപാളയത്തിലെത്തിക്കാൻ ബിരേൻ സിംഗിനു കഴിഞ്ഞു.
2022ൽ ബിരേൻ വീണ്ടും മുഖ്യമന്ത്രിയായി. 2023ലുണ്ടായ മെയ്തെയ്-കുക്കി കലാപം നിയന്ത്രിക്കാൻ ബിരേനു കഴിഞ്ഞില്ല. രണ്ടുവർഷമായിട്ടും മണിപ്പുർ അശാന്തിയിലാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിൽ ബിജെപി വൻ പരാജയം നേരിട്ടു. രണ്ടു സീറ്റും കോൺഗ്രസ് നേടി. ബിജെപി കേന്ദ്ര നേതൃത്വവും കൈയൊഴിഞ്ഞതോടെ ബിരേനു മുഖ്യമന്ത്രിപദം നഷ്ടമായി.