കേജരിവാൾ മദ്യത്തിൽ കേന്ദ്രീകരിച്ചു, അധികാരത്തിനു കീഴ്പ്പെട്ടു: അണ്ണാ ഹസാരെ
സ്വന്തം ലേഖകൻ
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വൻ വീഴ്ചയ്ക്കു പിന്നാലെ അരവിന്ദ് കേജരിവാളിനെതിരേ രൂക്ഷ വിമർശനവുമായി സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ. താൻ നൽകിയ ഉപദേശങ്ങളൊന്നും കേജരിവാൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം മദ്യത്തിനാണ് ശ്രദ്ധ കൊടുത്തിരുന്നതെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ എഎപിയുടെ പതനം ജനസേവനം മറന്നു നേതാക്കൾ പണത്തിനു കീഴ്പ്പെട്ടതുകൊണ്ടാണെന്നും കേജരിവാളിന്റെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്ന അണ്ണാ ഹസാരെ വിമർശിച്ചു.
ഒരു സ്ഥാനാർഥിയുടെ പെരുമാറ്റവും ചിന്തകളും സംശുദ്ധമായിരിക്കണമെന്നു ഞാൻ എപ്പോഴും പറയാറുള്ളതാണ്. ജീവിതം കുറ്റമറ്റതായിരിക്കണം. ആത്മത്യാഗം ഉണ്ടാകണം. ഈ ഗുണങ്ങളാണ് വോട്ടർമാർക്ക് അദ്ദേഹത്തിൽ വിശ്വാസം വളർത്തുന്നത്.
ഞാനിതെല്ലാം കേജരിവാളിനോട് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ആം ആദ്മി പാർട്ടിയുടെ ഉദയത്തിനു കാരണമായ 2011ലെ അഴിമതി വിരുദ്ധ സമരം മുന്നിൽ നിന്നു നയിച്ച അണ്ണാ ഹസാരെ മുന്പും കേജരിവാളിനെതിരേ വിമർശനങ്ങളുമായി രംഗത്തു വന്നിരുന്നു.