ഡൽഹി പരാജയത്തിനു പിന്നാലെ പഞ്ചാബിലും പ്രതിസന്ധി ; കോൺഗ്രസിൽ ചേരാൻ തയാറെടുത്ത് 30 എഎപി എംഎൽഎമാർ
സ്വന്തം ലേഖകൻ
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: ഡൽഹിയിലെ പരാജയത്തിനു പിന്നാലെ എഎപി അധികാരത്തിലുള്ള പഞ്ചാബിലും പ്രതിസന്ധി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ എതിർക്കുന്ന 30 എഎപി എംഎൽഎമാരാണു കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.
ഇവർ കോണ്‍ഗ്രസിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭാംഗങ്ങളെയും എംഎൽഎമാരെയും പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ ഇന്നു ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. എഎപിയുടെ 30 എംഎൽഎമാർ ഒരു വർഷത്തിലധികമായി താനുമായി ബന്ധപ്പെട്ടുവരികയാണെന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് പ്രതിപക്ഷനേതാവ് കോണ്‍ഗ്രസിലെ പ്രതാപ് സിംഗ് ബജ്വ അവകാശപ്പെട്ടതിനു പിന്നാലെയാണ് കേജരിവാളിന്റെ നീക്കം.
മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വിജയിച്ച ‘ഓപ്പറേഷൻ താമര’പഞ്ചാബിലും നടപ്പിലാക്കി മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിനെ പാളയത്തിലെത്തിക്കാൻ ബിജെപിയും ഉന്നമിടുന്നതായി സൂചനകളുണ്ട്.
പാർട്ടിയെ പിളർത്തി പഞ്ചാബിൽ ഭരണം പിടിച്ചെടുക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം തുടക്കത്തിലേ തകർക്കാനാണ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർക്കുന്നതിലൂടെ കേജരിവാൾ ലക്ഷ്യമിടുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയുടെ തുടർച്ചയായി ഇനിയുള്ള രാഷ്ട്രീയതന്ത്രങ്ങൾ വിശകലനം ചെയ്യാനുള്ള പതിവുയോഗമാണെന്നാണ് എഎപി നേതാക്കൾ അറിയിച്ചിരിക്കുന്നത്. 117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകളുള്ള എഎപിക്ക് 30 എംഎൽഎമാർ കൂറുമാറിയാൽപ്പോലും കേവല ഭൂരിപക്ഷമുണ്ട്.
അതിനിടെ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തിൽനിന്നു മത്സരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാകാനാണ് കേജരിവാളിന്റെ ശ്രമമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നുണ്ട്.
പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ പരാജയമാണെന്നാണ് എഎപിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിനാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, കേജരിവാളിന്റെ ഏകാധിപത്യ പ്രവണതയിലും മുഖ്യമന്ത്രി മന്നിന്റെ മോശം പ്രകടനത്തിലും മടുത്ത് കൂടുതൽ എംഎൽഎമാർ ഉടൻ എഎപി വിടുമെന്നും ഒരുപക്ഷേ സംസ്ഥാനം ഇടക്കാല തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചേക്കാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സുഖിന്ദർ രണ്ഡാവാ പറഞ്ഞു.