പുതുചരിത്രം: മോദി
സ്വന്തം ലേഖകൻ
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുതിയ ചരിത്രം രചിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 27 വർഷങ്ങൾക്കു ശേഷം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ ത്തുടർന്ന് ബിജെപി ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ബിജെപി ചരിത്രം കുറിച്ചതായി മോദി ചൂണ്ടിക്കാട്ടി.
എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ളവർ പ്രീണന രാഷ്ട്രീയത്തിനെതിരേ ബിജെപിക്ക് വോട്ട് ചെയ്തുവെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിൽ ഏഴ് സീറ്റുകളിൽ ബിജെപിക്ക് വിജയം സമ്മാനിച്ച ഡൽഹിയിലെ ജനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് പൂർണ ഹൃദയത്തോടെ സ്നേഹം നൽകി, അത് വികസനത്തിന്റെ രൂപത്തിൽ ഇരട്ടിയായി തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ ഒരവസരം നൽകണമെന്ന് താൻ അവരോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിക്കാർ അത് സാധ്യമാക്കിയെന്നും അതിൽ താൻ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ കഴിയാതിരുന്നതിൽ തനിക്ക് വിഷമമുണ്ടായിരുന്നു. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിൽ ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് ഡൽഹിയിലെ ഫലം സൂചിപ്പിക്കുന്നു. ആം ആദ്മി പാർട്ടിയെ പുറത്താക്കിയ ഡൽഹിക്കാർ അവരിൽനിന്ന് മോചിതരായി. ഡൽഹി ഒരു നഗരം മാത്രമല്ല, മിനി ഇന്ത്യകൂടിയാണ്.
രാജ്യത്തെ എല്ലാ കോണിൽനിന്നുള്ള ജനങ്ങൾക്കും ഡൽഹി അവരുടെ വീടാണ്. ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയത്തിൽ ജീവിക്കുന്നവരാണ് ഡൽഹിയിലെ ജനങ്ങൾ. ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിനായുള്ള അധികാരം തങ്ങൾക്കു നൽകിയതായും മോദി പറഞ്ഞു.
വിജയിക്കുന്നിടത്തെല്ലാം വികസനത്തിന്റെ പുതിയ മാനങ്ങൾ ബിജെപി സർക്കാർ സ്വീകരിക്കുന്നു. അതുകൊണ്ടാണ് തുടർച്ചയായി തങ്ങൾ വിജയിക്കുന്നത്. ഡൽഹിയിലെ ആദ്യ നിയമസഭാ സമ്മേളനത്തിൽതന്നെ സിഎജി റിപ്പോർട്ട് അവതരിപ്പിക്കും. കൊള്ളയടിച്ചവർ ആരായാലും അത് തിരികെ നൽകേണ്ടിവരുമെന്നും മോദി പറഞ്ഞു.