പരീക്ഷാ പേ ചർച്ച: പരീക്ഷ ഒന്നിന്റെയും അവസാനമല്ലെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: പരീക്ഷാസമയത്ത് സമ്മർദം പാടില്ലെന്നും മറിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ വിദ്യാർഥികളുമായി പരീക്ഷാ പേ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പരീക്ഷകളെ ഒന്നിന്റെയും അവസാനമായി കാണരുത്. നാം മനുഷ്യരാണ്, റോബോട്ടുകളെപോലെ ജീവിക്കാൻ സാധിക്കില്ല. സമയത്തെ ഫലപ്രദമായി വിനയോഗിച്ച് മുന്നേറാൻ സാധിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
പറയുന്നത് പ്രാവർത്തികമാക്കുന്പോഴും ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്പോഴുമാണ് ഒരാൾ നല്ല നേതാവാകുന്നത്. ബഹുമാനം ഒരിക്കലും ആവശ്യപ്പെടാൻ കഴിയില്ലെന്നും നമ്മുടെ പ്രവൃത്തി അതു നേടിത്തരുമെന്നും പ്രധാനമന്ത്രി വിദ്യാർഥികളോട് പറഞ്ഞു. ഡൽഹി സുന്ദർ നഴ്സറിയിൽ നടന്ന പരീക്ഷാ പേ ചർച്ചയിൽ 35 വിദ്യാർഥികളാണു പങ്കെടുത്തത്. ചർച്ചയിൽ മാതാപിതാക്കൾക്കും പ്രധാനമന്ത്രി ഉപദേശം നൽകി. കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കൾ പൊങ്ങച്ചം കാണിക്കരുത്.
കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന നിലപാട് ഉപേക്ഷിക്കണം. പകരം അവർക്ക് ആവശ്യമായ പിന്തുണ നൽകണമെന്നും അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
അനുഭവവേദ്യമായ ആശയങ്ങൾ വിദ്യാർഥികളുമായി പങ്കുവയ്ക്കാൻ സാധിച്ചുവെന്ന് പരിപാടിക്കുശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പരീക്ഷാസമ്മർദത്തെ സന്തോഷകരമായ പഠനാനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2018 മുതൽ ആരംഭിച്ച പരിപാടിയാണ് പരീക്ഷാ പേ ചർച്ച.