തമിഴ്നാട്ടിൽ ഡിഎംകെ, യുപിയിൽ ബിജെപി
Sunday, February 9, 2025 4:19 AM IST
ചെന്നൈ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ആളിക്കത്തിയെങ്കിൽ ഇതിനൊപ്പം തമിഴ്നാട്ടിലും യുപിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ ഭരണകക്ഷിക്ക് അനുകൂലമായി വിധിയെഴുതി. തമിഴ്നാട്ടിൽ ഭരണക്ഷിയായ ഡിഎംകെയുടെയും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള എൻഡിഎയുടെയും സ്ഥാനാർഥികൾ വിജയിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ഈ റോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥി വി.സി. ചന്ദ്രകുമാർ നാം തമിളർ കക്ഷി (എൻടികെ) സ്ഥാനാർഥി എം.കെ. സീതാലക്ഷ്മിയെ 91,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അട്ടിമറിച്ചത്.
ഉത്തർപ്രദേശിലെ മിൽകിപുർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ചന്ദ്രഭാനു പസ്വാൻ 61,710 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എതിർ സ്ഥാനാർഥി സമാജ്വാദി പാർട്ടിയുടെ അജിത് പ്രസാദയെ പരാജയപ്പെടുത്തി.
തമിഴ്നാട്ടിൽ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷികളായ ഡിഎംഡികെയും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിംഗ് എംഎൽഎയുമായ ഇ.വി.കെ.എസ്. ഇളങ്കോവന്റെ നിര്യാണത്തെത്തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. 2021നു ശേഷം മണ്ഡലത്തിൽ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്.
ഇളങ്കോവന്റെ മകൻ തിരു മഹൻ ഇ.വി.യാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. തിരുമഹൻ ഇ.വി.യുടെ നിര്യാണത്തെത്തുടർന്ന് 2023 ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇളങ്കോവൻ വിജയിച്ചുവെങ്കിലും കഴിഞ്ഞവർഷം ഡിസംബറിൽ അദ്ദേഹം മരിച്ചു. ഇതേത്തുടർന്നാണ് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് അനിവാര്യമായത്.