ഡൽഹിയിൽ 31 എംഎൽഎമാർ ക്രിമിനൽ കേസ് പ്രതികൾ
സ്വന്തം ലേഖകൻ
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 31 എംഎൽഎമാരുടെ പേരിൽ ക്രിമിനൽ കേസുകൾ. എഎപിയുടെ 22 എംഎൽഎമാരിൽ 15 പേരും ബിജെപിയുടെ 48 എംഎൽഎമാരിൽ 16 പേരും ക്രിമിനൽ കേസ് പ്രതികളാണ്.
17 പേർ ഗുരുതരമായ കേസു കൾ നേരിടുന്നു. ഇതിൽ പത്തുപേർ എഎപി എംഎൽഎമാരും ഏഴുപേർ ബിജെപി എംഎൽഎമാരുമാണ്. കൊലപാതകം, കടത്തിക്കൊണ്ടുപോകൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അക്രമങ്ങൾ തുടങ്ങിയ ജാമ്യം ലഭിക്കാത്ത, അഞ്ചു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളിലാണ് ഇവർ അന്വേഷണം നേരിടുന്നത്.
അതേസമയം, ഡൽഹിയിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 22 കോടി രൂപയാണ്. ബിജെപി എംഎൽഎമാർക്ക് 28.59 കോടി രൂപ ആസ്തിയുള്ളപ്പോൾ എഎപി എംഎൽഎമാരുടെ ആസ്തി 7.74 കോടിയാണ്.