ഡൽഹിയിൽ യാത്രക്കാരനെ ബസിനുള്ളിൽ മർദിച്ചു കൊലപ്പെടുത്തി
Monday, February 10, 2025 1:17 AM IST
ന്യൂഡൽഹി: ബസിൽ യാത്ര ചെയ്തിരുന്ന പാചകത്തൊഴിലാളിയെ ബസ് ഡ്രൈവറും രണ്ട് സഹായികളും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. വിവാഹത്തിനു സദ്യയൊരുക്കുന്ന മനോജ് എന്നയാൾക്കാണ് ബസിനുള്ളിൽവച്ച് മർദനമേറ്റത്. നഗരത്തിലെ ബവന മേഖലയിലായിരുന്നു സംഭവം.
മനോജിന്റെ കൈയിലെ ആഹാരം സീറ്റിൽ വീണതാണ് ഇവരെ ചൊടിപ്പിച്ചത്. മനോജിനെ ഡ്രൈവറായ ആശിഷ് ക്രൂരമായി ഉപദ്രവിച്ചെന്നും ജനനേന്ദ്രിയത്തിൽ വടികൊണ്ട് അടിച്ചെന്നും പോലീസ് പറഞ്ഞു. ബോധരഹിതനായ മനോജിനെ ബവന ഫ്ലൈ ഓവറിന് സമീപം ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.