അതിഷി സ്ഥാനമൊഴിഞ്ഞു
സ്വന്തം ലേഖകൻ
Monday, February 10, 2025 1:27 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ തോൽവിക്കു പിന്നാലെ ഡൽഹി മുഖ്യമന്ത്രി സ്ഥാനം അതിഷി മർലേന രാജിവച്ചു. ലഫ്. ഗവർണർ വി.കെ. സക്സേനയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. രാജി സീകരിച്ച ലഫ്. ഗവർണർ പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെട്ടു. നിലവിലെ നിയമസഭ പിരിച്ചുവിട്ട ഉത്തരവും ഗവർണർ പുറത്തിറക്കി.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രാജിവച്ചതിനെത്തുടർന്ന് 2024 സെപ്റ്റംബർ 21നാണ് അതിഷി ഡൽഹിയുടെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. 141 ദിവസത്തെ ഭരണം. 70 ൽ 28 സീറ്റുമാത്രം നേടിയ ആം ആദ്മി പാർട്ടിയിൽ പ്രമുഖരെല്ലാം തോറ്റപ്പോൾ കാൽക്കാജി നിയോജക മണ്ഡലത്തിൽനിന്നു ജയിച്ച അതിഷിയുടെ വിജയം മാത്രമാണ് പാർട്ടിക്ക് ആശ്വസിക്കാനുള്ളത്.
അതേസമയം, പരാജയം സമ്മതിച്ച പാർട്ടി ഡൽഹിയിൽ പ്രതിപക്ഷസ്ഥാനത്തിരിക്കുമെന്ന് ആം ആദ്മി വക്താവ് പ്രിയങ്ക കക്കർ ഇന്നലെ പറഞ്ഞു. തെറ്റു മനസിലാക്കി പ്രവർത്തിക്കുമെന്നും വോട്ട് വിഹിതം കുറഞ്ഞതിന്റെ കാരണം പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ആഘോഷനൃത്തം ചവിട്ടിയ അതിഷിയെ ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാജ്യസഭാംഗം സ്വാതി മലിവാൽ വിമർശിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന അതിഷിയുടെ വീഡിയോയും എക്സിൽ പങ്കുവച്ചു.