സെൻസസ് എത്രയും വേഗം നടത്തണമെന്ന് സോണിയ ഗാന്ധി
സ്വന്തം ലേഖകൻ
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: ജനസംഖ്യാ സെൻസസ് എത്രയും വേഗം നടത്തണമെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സെൻസസിലെ കാലതാമസം മൂലം 14 കോടിയിലധികം ജനങ്ങൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള (എൻഎഫ്എസ്എ) ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതായും ഭക്ഷ്യ സുരക്ഷയെന്നത് ആനുകൂല്യമല്ലെന്നും മൗലികാവകാശമാണെന്നും സോണിയ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഭക്ഷ്യ, പോഷക സുരക്ഷ ഉറപ്പാക്കുന്നതിനാണ് യുപിഎ സർക്കാർ 2013 സെപ്റ്റംബറിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അവതരിപ്പിച്ചത്. കോവിഡ് മഹാമാരിയിൽ കോടിക്കണക്കിനു ദരിദ്രകുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ നിയമം മുഖ്യപങ്ക് വഹിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജനയുടെ അടിസ്ഥാനവും എൻഎഫ്എസ്എയാണ്. എൻഎഫ്എസ്എയ്ക്കു കീഴിൽ ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനവും നഗര ജനസംഖ്യയിലെ 50 ശതമാനവും സബ്സിഡിനിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾക്ക് അർഹരാണ്. എന്നാൽ, അതിനുള്ള ഗുണഭോക്തൃ ക്വോട്ട ഇപ്പോഴും 2011ലെ കാലഹരണപ്പെട്ട സെൻസസ് പ്രകാരമാണു നിർണയിച്ചിരിക്കുന്നതെന്ന് സോണിയ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് സെൻസസ് നാലു വർഷത്തിലേറെ വൈകുന്നത്. 2021ൽ നടത്തേണ്ട സെൻസസ് എന്നു നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ബജറ്റ് വെളിപ്പെടുത്തുന്നത് ഈ വർഷവും സെൻസസ് നടക്കാൻ സാധ്യതയില്ലെന്നാണെന്നും ഏകദേശം 14 കോടി ജനങ്ങൾക്ക് എൻഎഫ്എസ്എ ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.