സ്പേഡെക്സ് ദൗത്യത്തിൽ പാളിച്ചയില്ല: ഐഎസ്ആർഒ
Sunday, February 9, 2025 4:19 AM IST
ബംഗളൂരു: ഐഎസ്ആർഒയുടെ ആദ്യ സ്പേസ് ഡോക്കിംഗ് സംരംഭമായ സ്പേഡെക്സിൽ തകരാറുകൾ കണ്ടെത്തിയെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ ചെയർമാൻ വി. നാരായണൻ നിഷേധിച്ചു. തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും തങ്ങൾ പടിപടിയായി മുന്നോട്ടു പോകുകയാണെന്നും എയ്റോ ഇന്ത്യ ഇന്റർനാഷണൽ സെമിനാർ നടക്കുന്ന വേദിയിൽവച്ച് അദ്ദേഹം പറഞ്ഞു. ജനുവരി 16നാണ് രാജ്യചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായത്.
ഡോക്കിംഗിന് ശേഷം ഒന്നായ രണ്ട് ഉപഗ്രഹങ്ങൾ ഒറ്റ വസ്തുവായി നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു. എന്നാൽ, ദൗത്യം വിജയകരമല്ലെന്നും സാങ്കേതിക തകരാറുകൾ ഇതിനെ ബാധിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എസ്ഡിഎക്സ്-01, എസ്ഡിഎക്സ്-02 സ്പേസ്ക്രാഫ്റ്റുകൾ ഇതുവരെ അൺഡോക്ക് ചെയ്തിട്ടില്ലെന്നും വാർത്തകളുണ്ടായിരുന്നു. അതേസമയം സമയമെടുക്കുന്ന പ്രക്രിയയാണു നടക്കുന്നതെന്നും ഇതു നിരീക്ഷിച്ചുവരികയാണെന്നും വി. നാരായണൻ വിശദീകരിച്ചു.