‘എയ്റോ ഇന്ത്യ’ക്ക് തുടക്കമായി
Tuesday, February 11, 2025 4:22 AM IST
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദര്‍ശനമായ ‘എയ്റോ ഇന്ത്യ’ ബംഗളൂരു യെലഹങ്ക വ്യോമസേന താവളത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ‘എയ്റോ ഇന്ത്യ’ ‘ശതകോടി അവസരങ്ങളിലേക്കുള്ള റണ്‍വേ’എന്ന ആശയത്തിലൂന്നിയുള്ളതാണ്.
90 രാജ്യങ്ങളില്‍നിന്നായി 150 വിദേശ കമ്പനികള്‍ ഉള്‍പ്പെടെ 900 വ്യാപാര പ്രദര്‍ശകരും മേളയില്‍ പങ്കെടുക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരും 43 രാജ്യങ്ങളില്‍ നിന്നുള്ള വ്യോമസേനാ മേധാവികളും പ്രതിരോധ സെക്രട്ടറിമാരും എത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
‘എയ്റോ ഇന്ത്യ’യുടെ അവസാനദിനങ്ങളായ 13നും 14നും മാത്രമാണ് പാസ് മുഖേന പൊതുജനത്തിനു പ്രവേശനം. അന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4.30 വരെയും വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളുണ്ടാകും.
രണ്ടു വര്‍ഷത്തിലൊരിക്കില്‍ നടക്കുന്ന ‘എയ്റോ ഇന്ത്യ’ വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രദര്‍ശനത്തിനുള്ള വേദിയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.